
തിരുവനന്തപുരം: പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചില നേതാക്കൾക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളിൽ നിന്നും അത് വ്യക്തമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
''മുഖ്യമന്ത്രിയുടെ ഫെയിസ് ബുക്ക് പോസ്റ്റിൽ പോലും ആർ എസ് എസിനെ വിമർശിച്ചിട്ടില്ല''. യഥാർത്ഥ പ്രതികളെ പുറത്തെത്തിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊലപാതകത്തിലെ ഗൂഡാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
''തിരുവല്ലയിൽ കൊലപാതകത്തിന് പിന്നാലെ ഉടൻ തന്നെ പോസ്റ്ററുകൾ നിരന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ കൊലക്ക് പിന്നിൽ ആർ എസ് എസ് ആണെന്ന് ഉടൻ തന്നെ പറഞ്ഞു''. ഇതെല്ലാം സിപിഎമ്മിന് കൊലയെകുറിച്ച് അറിയാമായിരുന്നുവെന്നതിലേക്കാണ് എത്തിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
''സന്ദീപിന് നേരെയുണ്ടായത് ഗൂണ്ടാ ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് സിപിഎം ഇടപെട്ട് ആർഎസ്എസ് പ്രവർത്തകരാണെന്ന് തിരുത്തിച്ചു. ഈ കൊലപാതകത്തിലെ പ്രതികളിലെരാൾ കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലാണ്. ഇയാളുടെ പങ്കാളിത്തം എന്താണെന്ന് പൊലീസ് പറയണം. ഇയാൾ ജയിലിൽ നിന്നാണ് ഇവരുമായി ബന്ധപ്പെട്ടതെന്നാണ് സിപിഎം പറയുന്നത്''. സിപിഎം നേതൃത്വത്തിന്റെ ആഞ്ജാനുവർത്തികളാണ് ജയിലിൽ കഴിയുന്നവരെന്നും കൊലപാതകത്തിലെ ഗൂഡാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam