
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി സുൽത്താൻ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. വാഹനങ്ങൾ കത്തിച്ച ചെറുവണ്ണൂർ സുൽത്താൻ നൂർ നേരത്തെ അറസ്റ്റിലായിരുന്നു.
കോഴിക്കോട് ചെറുവണ്ണൂർ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിൻ്റെ വീട്ടിലേക്ക് രാത്രിയിൽ അതിക്രമിച്ച് കയറി വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും പെട്രോളൊഴിച്ച് തീവെച്ച കേസിലെ മുഖ്യപ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ, (22വയസ്സ്) കത്തിക്കാനായി നിർദ്ദേശം കൊടുത്ത ചെറുവണ്ണൂർ കണ്ണാട്ടികുളം ഊട്ടുകളത്തിൽ സജിത്ത് (34വയസ്സ്) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 11-ാം തിയതി രാത്രി 12 മണിക്കാണ് ആക്രമണം ഉണ്ടായത്. മൂന്ന് കുപ്പികളിൽ പെട്രോളുമായി വീട്ടുവളപ്പിൽ എത്തിയ ആള്‍ കാറിലും ബൈക്കിലും പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഓടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണഅട്. സംഭവ സമയത്ത് വീട്ടിൽ പ്രായമായ അമ്മ ഉൾപ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുക്കാർ കണ്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.
തുടർന്ന് സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ പി എസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും സമീപ പ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയുമായിരുന്നു. സുൽത്താനെൊപോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തൻ്റെ സ്വാധീനം ഉപയോഗിച്ച് വയനാട്ടിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുൽത്താനെ സാഹസികമായി പിടികൂടുകയുമായിരുന്നു.
നല്ലളം പോലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട സുൽത്താന് അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ സജിത്തിൻ്റെ നിർദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതിൽ സുഹൃത്തിനെ സ്വത്ത് തർക്കത്തിൻ്റെ പേരിൽ മർദ്ധിച്ചതിൻ്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യത്തിനായി സുൽത്താനെ ഏൽപ്പിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ എ എം സിദ്ധിഖ് പറഞ്ഞു.
സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിവിൽ പൊലീസ് ഓഫീസർ എ.കെ അർജ്ജുൻ നല്ലളം പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ എം കെ രഞ്ജിത്ത്, എം രവി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സി. തഹ്സിം, രഞ്ജിത്ത്, ഡ്രൈവർ സിപിഒ അരുൺ ഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam