
കണ്ണൂർ: മാഹി പന്തക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ബോബെറിഞ്ഞ കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ്. തനിക്കെതിരെ ബോംബെറിയാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു തന്നെ ആളെ ഏർപ്പാടാക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ ബിജുവിനെയും സഹായി റിനോജിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇരുവരെയും റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തനിക്ക് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു ബിജുവിന്റെ പരാതി. ഇതിനെ തുടർന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, ബിജുവിന് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് റിനോജിനെ പിടികൂടി വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിജു നടത്തിയ ആസൂത്രണമാണ് ബോംബേറെന്ന് വ്യക്തമായത്. ബിജു ചുമതലപ്പെടുത്തിയത് പ്രകാരമാണ് ബോംബ് എറിഞ്ഞതെന്ന് റിനോജ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സംഭവം സിപിഎം – ബിജെപി സംഘർഷത്തിലേക്ക് വളരുന്ന ഘട്ടമെത്തിയതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പേരിന് മാത്രം ബോംബെറിഞ്ഞ് ബിജു ചികിത്സ തേടിയത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സംഘർഷത്തിന് തുടക്കമിടാൻ ആസൂത്രിതമായി നടത്തിയ നാടകമാണിതെന്ന് കണക്കാക്കിയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പൊലീസ് നടപടിയിൽ സംശയമുണ്ടെന്നും പാർട്ടി ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം.
സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന് നേരെ ആദ്യം വധശ്രമമുണ്ടായപ്പോഴും പൊലീസ് ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. അതേസമയം, കണ്ണിപ്പൊയിൽ ബാബു വധക്കേസിൽ പിടിയിലായി പിന്നീട് പുറത്തിറങ്ങിയ ബിജെപി പ്രവർത്തകർക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ അന്ന് രാത്രി തന്നെ പ്രതികാരമായി ഷമേജെന്ന ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നു. പുതിയ സംഭവത്തോടെ കൂടുതൽ ജാഗ്രതയിലാണ് മാഹി പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam