
വയനാട്: വയനാട് സിപിഎമ്മില്‍ വൻ പൊട്ടിത്തെറി. മുതിർന്ന സിപിഎം നേതാവും കർഷക സംഘം പ്രസിഡന്‍റുമായ എ വി ജയൻ സിപിഎം വിട്ടു. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉള്‍പ്പെടെയുള്ളവർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചാണ് ജയൻ പാർട്ടി വിടുന്നത്. സിപിഎമ്മിൽ തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് എ വി ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇതോടെ വയനാട് സിപിമ്മിലെ ഉൾപ്പാർട്ടി പ്രശ്നങ്ങള്‍ രൂക്ഷമാകുകയാണ്.
വയനാട് സിപിഎമ്മില്‍ ജില്ലാ സമ്മേളനത്തോടെ തുടങ്ങിയ പ്രശ്നങ്ങളാണ് എ വി ജയൻ സിപിഎം വിടുന്നതിലേക്ക് നയിച്ചത്. കെ റഫീഖിന്‍റെയും സി കെ ശശീന്ദ്രൻ്റെയും പക്ഷത്തിനെതിരെ നിലപാട് എടുത്ത ജയൻ അന്ന് ജില്ലാ സെക്രട്ടറിയായിരുന്നു ഗഗാറിന് ഒപ്പമായിരുന്നു. പിന്നാലെ സാന്പത്തിക ആരോപണം ഉയർന്നതോടെ ജയനെ ഏരിയ കമ്മിറ്റിയിലേക്കും അവിടെ നിന്ന് മാധ്യമങ്ങളിലൂടെ വിമർശിച്ചതിന് ബ്രാഞ്ചിലേക്കും തരം താഴ്ത്തി. എന്നാല്‍ സംസ്ഥാന കമ്മിറ്റി വരെയെത്തിയ ആരോപണത്തില്‍ ഗുരുതര സ്വഭാവമില്ലെന്ന് പാർട്ടി കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയനെ അനുനയിപ്പിച്ച സിപിഎം പൂതാടിയില്‍ മത്സരത്തിനിറക്കിയതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരണം ഉണ്ടായിരുന്ന പൂതാടിയില്‍ സിപിഎം ഒപ്പത്തിനൊപ്പം എത്തിയപ്പോൾ സ്ഥാനം നല്‍കാതെ പിന്നെയും ജയനെ നേതൃത്വം വെട്ടിയതോടെയാണ് കാര്യങ്ങള്‍ വീണ്ടും വഷളായത്. റഫീഖ് ശശീന്ദ്രൻ പക്ഷെത്തിനെതിരായ തന്‍റെ നിലപാടാണ് വേട്ടയാടലിന് കാരണമെന്ന് ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിലവില്‍ വയനാട്ടിലെ നാല് പഞ്ചായത്തില്‍ മാത്രമാണ് സിപിഎം ഭരണമുള്ളത്. ജയന്‍ പാര്‍ട്ടി വിട്ടതോടെ പൂതാടിയിലെ ഭരണവും അനിശ്ചിതത്വത്തിലായി. ജയൻ പാർട്ടി വിടുന്ന സാഹചര്യത്തിൽ ഒപ്പമുള്ള പ്രാദേശിക നേതാക്കളുടെ ഇനിയുള്ള നിലപാട് സിപിഎമ്മിന് നിർണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam