
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്ന് ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ. സിപിഎം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണ് തട്ടിപ്പിന് പിന്നിലെന്ന് രാമകൃഷ്ണൻ ആരോപിച്ചു. ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാൽ ചന്ദ്രനെതിരെ അന്വേഷണം ഉണ്ടായില്ല. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാരിക്കൂട്ടി. തട്ടിപ്പിൽ മകനെ കുടുക്കുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചു.
ബിജു കരീമിന്റെ സഹോദരനും കുടുംബവും സ്വത്ത് സമ്പാദിച്ചത് ബാങ്കിലെ പണം കൊണ്ടാണെന്നും രാമകൃഷ്ണൻ ആരോപിച്ചു. പാർട്ടിയറിയാതെ തട്ടിപ്പ് നടക്കില്ല. ഉന്നത നേതാക്കൾക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
കരുവന്നൂര്‍ ബാങ്കില്‍ നടന്നത് 104 കോടി രൂപയുടെ തട്ടിപ്പെന്ന് മന്ത്രി വി എന്‍ വാസവന്‍. 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നൽകി. ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയെന്നും മന്ത്രി പറഞ്ഞു. ജൂൺ 28 ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നൽകാൻ കഴിയാതിരുന്നത്. ഇത് സംബന്ധിച്ച് ജോയിന്‍റ് രജിസ്ട്രാറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും. ജീവനക്കാർ മോശമായി പെരുമാറി എന്ന പരാതിയിൽ സഹകരണ സംഘം അഡീഷണൽ രജിസ്ട്രാറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം മടക്കി നൽകാൻ കേരളാ ബാങ്കിന് തടസ്സമുണ്ടെന്ന് വൈസ് ചെയർമാൻ എം കെ കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റ് സഹകരണ ബാങ്കുകളിൽ നിന്ന് പണം സമാഹരിച്ച് താത്കാലിക പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കേരളാ ബാങ്ക് പറയുമ്പൊഴും ഓണത്തിന് മുമ്പ് നടക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അതിനിടെ നിക്ഷേപകർക്കൊപ്പമാണ് താനെന്നും പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും മന്ത്രി ആർ ബിന്ദു വിശദീകരിച്ചു. പണം തിരികെ നൽകുന്നതിൽ സർക്കാരിന് വേഗം പോരെന്ന കുറ്റപ്പെടുത്തലുമായി സിപിഐയും രംഗത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam