
മാന്നാർ: കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സിപിഎം നേതാവ് ഭീഷണി മുഴക്കിയെന്ന് ആരോപണം. മാന്നാർ എസ്ഐ ശരത്തിനെ സിപിഎം മാന്നാർ ഏരിയാ സെക്രട്ടറി സെൽവരാജ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇന്നലെ വൈകീട്ട് മാന്നാർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാന്നാറിൽ നടത്തിയ മാർച്ചിൽ ഗതാഗത തടസം ഉണ്ടാക്കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ആ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുനൽകണം എന്നാവശ്യപ്പെട്ടാണ് സിപിഎം നേതാവ് സ്റ്റേഷനിലെത്തിയത്. താൻ ഏരിയ സെക്രട്ടറിയാണ് കാണിച്ചു തരാമെന്ന് സെൽവരാജ് ഭീഷണി മുഴക്കിയെന്നാണ് പൊലീസുകാർ പറയുന്നത്. എന്നാൽ പൊലീസ് പ്രതികളെ വിട്ടയച്ചില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.