
ആലപ്പുഴ : ആലപ്പുഴയിലും സിപിഎമ്മിൽ പൊട്ടിത്തെറി. പാർട്ടി വിട്ട സിപിഎം നേതാവ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. സിപിഎം മുൻ എൽസി സെക്രട്ടറി പി അരവിന്ദനാണ് ബിജെപി സ്ഥാനാർത്ഥിയായത്. 17 വർഷം സിപിഎം തുറവൂർ പഞ്ചായത്തംഗമായിരുന്നു അരവിന്ദൻ. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിലാണ് അരവിന്ദൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത്. സിപിഎം സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് പാർട്ടിയുമായി അകന്ന് കഴിയുകയായിരുന്നു.
കണ്ണൂർ പയ്യന്നൂർ നഗരസഭയിൽ വിമതനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്. പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസ് എസിലെ പി. ജയനാണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ വൈശാഖിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി വ്യക്തമാക്കി.