മന്ത്രി വീണാ ജോർജിനെ പരിഹസിച്ചതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ

Published : Oct 23, 2025, 07:36 AM IST
 CPM leader joins Congress

Synopsis

മന്ത്രി വീണാ ജോർജിനെ വിമർശിച്ചതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോൺസൺ കോൺഗ്രസിൽ ചേർന്നു. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന സംഭവത്തിലായിരുന്നു വിമർശനം.

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട്ടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു. പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റുമായ പി ജെ ജോൺസൺ ആണ് കോൺഗ്രസിൽ ചേർന്നത്. മന്ത്രി എന്നല്ല, എംഎൽഎ ആയിരിക്കാൻ പോലും വീണാ ജോർജിന് യോഗ്യത ഇല്ലെന്നായിരുന്നു ജോണ്‍സന്‍റെ പോസ്റ്റ്. തുടർന്ന് ജോൺസനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പില്‍ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള സംഘടനയിൽ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോണ്‍സണ്‍ പ്രതികരിച്ചു.

'ഇന്ന് ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായി! ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാനും, കോണ്‍ഗ്രസ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു. ജയ് ഹിന്ദ്'- പി ജെ ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിലാണ് മന്ത്രിയെ വിമര്‍ശിച്ച് ജോണ്‍സണ്‍ പോസ്റ്റിട്ടത്. പാർട്ടി നടപടി വന്ന ശേഷവും ജോണ്‍സണ്‍ വിമർശനം തുടർന്നു. 'ഗര്‍വ്വികളോട് കൂടെ കവര്‍ച്ച പങ്കിടുന്നതിനേക്കാള്‍ താഴ്മയുള്ളവരോട് കൂടെ താഴ്മയുള്ളവനായി ഇരിക്കുന്നതാണ് നല്ലത്' എന്നായിരുന്നു പോസ്റ്റ്. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവേശനം.

 

 

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്