
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥനെതിരേ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയ്. വ്യാഴാഴ്ച വൈകിട്ട് സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് കന്റോൺമെന്റ് എസ്ഐ ഗോകുലിനെതിരേ ജോയ് ഭീഷണി മുഴക്കിയത്. കന്റോൺമെന്റ് അസി. കമ്മീഷണർ ജയചന്ദ്രനോടാണ് എസ്ഐയെ അപായപ്പെടുത്തുമെന്ന രീതിയിൽ ഭീഷണിസ്വരത്തിൽ സെക്രട്ടറി സംസാരിച്ചത്. 'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ് ഒരു കൊലപാതകം ഇവിടെ നടക്കും' എന്നായിരുന്നു ജോയ് അസി. കമ്മീഷണറോട് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, ബുധനാഴ്ച രാത്രി പാളയത്തും യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുമുണ്ടായ സംഘർഷത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഹൈദറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച നടന്ന സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പുതുതായി ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്യും.
വ്യാഴാഴ്ച വിവിധ പാർട്ടികൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചുകളിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ, ബിജെപി, സിപിഎം മാർച്ചുകളുമായി ബന്ധപ്പെട്ടാണ് മൂന്ന് കേസുകൾ രജിസ്റ്റർചെയ്തത്. അതേസമയം, കഴിഞ്ഞദിവസം ഡിസിസി ഓഫീസ് ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവരെ പൊലീസിന് പിടികൂടാനായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam