
തിരുവനന്തപുരം: കുഞ്ഞിനെ അമ്മ അനുപമയിൽ നിന്നും മാറ്റിയ സംഭവത്തിൽ മുഖം രക്ഷിക്കാൻ അച്ചടക്ക നടപടിക്ക് സിപിഎം (cpm) . ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെയും (Shiju Khan) അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെയും നടപടി എടുക്കാനാണ് സാധ്യത. കുഞ്ഞിനെ മാറ്റിയ അച്ഛൻ ജയചന്ദ്രൻ സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമാണ്. എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി ദത്ത് കൊടുത്ത ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. എല്ലാം പാർട്ടി അറിഞ്ഞാണ് ചെയ്തതെന്നാണ് ജയചന്ദ്രൻ വിശദീകരിച്ചതെങ്കിലും ജയചന്ദ്രനെതിരെ പാർട്ടി നടപടി ഉണ്ടാകാനാണ് സാധ്യത.
ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാർട്ടിയിൽ തരംതാഴ്ത്താനുമാണ് സാധ്യത. നേരത്തെ കുഞ്ഞുങ്ങൾ മണ്ണ് തിന്നുവെന്ന വിവാദത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായിരുന്ന എസ് പി ദീപകനെതിരെ സമാനമായ രണ്ട് നടപടികളാണ് സിപിഎം സ്വീകരിച്ചത്. പക്ഷെ നടപടി രണ്ട് പേരിലേക്ക് മാത്രമൊതുക്കുന്നതും വിവാദമാകും. സിപിഎം ജില്ലാ സെക്രട്ടറി അടക്കം പരുഷമായി പെരുമാറിയെന്നാണ് അനപമയുടെ പരാതി. മാത്രമല്ല മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനോട് പരാതിപ്പെട്ടിട്ടും ഒന്നും നടന്നില്ലെന്ന പി കെ ശ്രീമതിയുടെ നിർണ്ണായക വെളിപ്പെടുത്തലും പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയും ഇത് വരെ പ്രതികരിച്ചിട്ടില്ല.