
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് സിപിഎമ്മിനെതിരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ കൊലവിളി പ്രസംഗത്തിന് കാരണമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോൺഗ്രസ് അംഗം കൃഷ്ണകുമാറിനെ സിപിഎം അംഗം ഹൈദരാലി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉൾപ്പെടെ 30 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒറ്റപ്പാലം അമ്പലപ്പാറ പഞ്ചായത്തിലെ സിപിഎം അംഗം പുളിക്കൽ ഹൈദരാലിക്കെതിരെയാണ് ആയിരുന്നു പ്രകോപന മുദ്രാവാക്യം. യുഡിഎഫ് അംഗമായ കൃഷ്ണകുമാറിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്. അമ്പലപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് തിങ്കളാഴ്ച വൈകീട്ട് കൃഷ്ണകുമാറും ഹൈദരാലിയും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് മർദ്ദനമേറ്റ കൃഷ്ണകുമാറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മർദ്ദിച്ച സിപിഎം അംഗത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യമുയർന്നത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉൾപ്പെടെയുളള പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രകടന ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തത് ഡോ. സരിൻ ആണ്. അന്യായമായി സംഘംചേരൽ, സാമൂഹ്യ അകലം പാലിക്കാതിരിക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam