
തിരുവനന്തപുരം : എം ടി വാസുദേവൻ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തിൽ പുതുമയില്ലെന്ന് സിപിഎം വിലയിരുത്തൽ. ഇതേ കാര്യം മുൻപും എംടി എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം മാത്രമാണിതെന്നും രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ് ലേഖനമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. എംടിയുടെ പ്രസംഗത്തിലെ പരാമർശവും ലേഖനവും തമ്മിൽ ഉള്ളടക്കത്തിൽ ചെറിയ വ്യത്യാസം മാത്രമാണുളളത്. നിലവിൽ ഇതുമായി ബന്ധപ്പെട്ടുയരുന്ന വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമര്‍ശനമാണ് തൊടുത്തുവിട്ടത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം.
കോഴിക്കോട്ടെ എംടിയുടെ പ്രസംഗം: 20 വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ വാചകങ്ങൾ, കെട്ടടങ്ങാതെ വിവാദം
അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇക്കാര്യത്തില്‍ ഇഎംഎസിനെയാണ് ഉദാഹരിച്ചത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam