
കണ്ണൂർ: പയ്യന്നൂരിലെ തോല്‍വിയില്‍ സിപിഎം നടപടിക്കൊരുങ്ങുന്നു. സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മറ്റി പിരിച്ചു വിടാന്‍ ജില്ലാ കമ്മറ്റി യോഗത്തില്‍ ധാരണയായതായി സൂചന. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് അന്വേഷിച്ച രണ്ടംഗ കമ്മീഷന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടി.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവും തുടര്‍ന്നുണ്ടായ തോല്‍വിയും സിപിഎമ്മിനുള്ളിലുണ്ടാക്കിയ ആഘാതം ചില്ലറയല്ല. തോല്‍വിയെക്കുറിച്ചും വിഭാഗീയതെക്കുറിച്ചും അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് നടപടി സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗത്തിലുയര്‍ന്നത്.പയ്യന്നൂര്‍ ഏരിയ കമ്മറ്റി പിരിച്ചു വിട്ടു പുതിയ അഡ്‌ഹോക് കമ്മറ്റിക്ക് രൂപം നൽകാനാണ് ധാരണ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്റെ നേതൃത്വത്തിലാകും പുതിയ കമ്മറ്റി നിലവിൽ വരിക. മുതിർന്ന നേതാക്കളെയും കമ്മറ്റിയിൽ ഉൾപ്പെടുത്തും. തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ ചില പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്. പുതിയ കമ്മറ്റി ചുമതലയേൽക്കുന്നതോടെ പാർട്ടിയിലെ പ്രശ്നങ്ങൾക്ക് ശമനമുണ്ടാകുമെന്നും നേതൃത്വം കണക്കു കൂട്ടുന്നു. പയ്യന്നൂരിലെ തോൽവിയെ കുറിച്ച് അന്വേഷണ കമ്മീഷൻ വിശദമായ റിപ്പോർട്ടാണ് ജില്ലാ കമ്മറ്റിക്ക് കൈമാറിയത്. പയ്യന്നൂരിലെ ബ്രാഞ്ച് സെക്രട്ടറിമാർ മുതലുള്ള നേതാക്കളുമായി പലവട്ടം കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കൃത്യമായ ചോദ്യാവലി തയ്യാറാക്കിയാണ് പ്രാദേശിക നേതാക്കളിൽ നിന്നുംകമ്മീഷൻ മൊഴി രേഖപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam