കൊവിഡിനിടയില്‍ ഇരുട്ടടിയായി ഇന്ധനവില വർധന; സിപിഎമ്മിന്‍റെ പ്രതിഷേധം ഇന്ന്

By Web TeamFirst Published Jun 16, 2020, 10:52 AM IST
Highlights

രാവിലെ 11 മുതല്‍ 12 വരെയാണ്‌ സമരം സംഘടിപ്പിക്കുക. തിരുവനന്തപുരത്തെ പരിപാടിയിൽ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ സിപിഎം ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. രണ്ട് ലക്ഷം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രധാന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. രാവിലെ 11 മുതല്‍ 12 വരെയാണ്‌ സമരം സംഘടിപ്പിക്കുക.

ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ വീതം ആറുമാസത്തേയ്‌ക്ക്‌ നല്‍കുക, ഒരാള്‍ക്ക്‌ 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പുവേതനം ഉയര്‍ത്തുക, ഇന്ധനവില വര്‍ദ്ധനവ്‌ പിന്‍വലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്‌ സമരം സംഘടിപ്പിക്കുന്നത്‌.

അതേസമയം, രാജ്യത്ത്  തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5 . 51 രൂപയുമാണ് വര്‍ധിച്ചത്. ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും  പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ  നടപടി അടുത്ത ആഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന. 

click me!