Latest Videos

ബാങ്കിന്റെ ചില്ല് തകർന്ന് യുവതി മരിച്ച സംഭവം; ചില്ലിന് ​ഗുണനിലവാരമില്ലായിരുന്നു, അന്വേഷണം വേണമെന്നും ബന്ധുക്കൾ

By Web TeamFirst Published Jun 16, 2020, 10:21 AM IST
Highlights

ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണം. ഇത്  സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ പറ‍ഞ്ഞു.
 

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ല് തകർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണം. ഇത്  സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ പറ‍ഞ്ഞു.

ഇന്നലെയാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബാലൻസ് തെറ്റി തറയിൽ വീണപ്പോൾ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റിൽ തറഞ്ഞ് കയറിയാണ് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം. തൊട്ടടുത്തുള്ള 100 മീറ്റർ അകലെയുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു. 

ബാങ്കിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവിൽ നിൽക്കുന്നതിന് തൊട്ടുമുമ്പ് പേഴ്സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുൻവശത്തെ ഗ്ലാസിൽ ഇടിച്ച് വീണു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. 

പൊട്ടിക്കിടന്ന ചില്ലിൽ കൈ കുത്തി ബീന പതുക്കെ എഴുന്നേറ്റ് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപ്പോഴേക്ക് ബാങ്ക് ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തുന്നുണ്ട്. ഇവരെ പതുക്കെ താങ്ങിപ്പിടിച്ച് അരികത്തെ കസേരയ്ക്ക് അരികിലേക്ക് നിർത്തുമ്പോഴേയ്ക്ക് വലിയ രക്തസ്രാവം ഉണ്ടായിരുന്നു. ചുറ്റും ചോര വീഴുന്നത് കണ്ട് പരിഭ്രാന്തരായ ബാങ്ക് ജീവനക്കാർ ഇവരെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നൂറ് മീറ്റർ മാത്രം അകലെ ആശുപത്രിയുണ്ടായിരുന്നിട്ടും അവരുടെ ജീവൻ രക്ഷിക്കാനായില്ല. വയറ്റിൽ ചില്ല് തറച്ച് കയറി ഉണ്ടായ മുറിവ് അത്ര ആഴത്തിലുള്ളതും ഗുരുതരവുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‍മോർട്ടം ഇന്ന് നടക്കും.

click me!