കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കണ്ണൂർ : തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
'കാറിൽ വന്നയാൾ മർദ്ദിച്ചെ'ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ
ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്ന കാരണത്താൽ രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ 20 കാരൻ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് കൃത്യമായ രീതിയിൽ നടപടിയെടുക്കാൻ തയ്യാറായത്.
ക്രൂരമായി മർദ്ദനമേറ്റ ആറ് വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്സ് റേ പരിശോധനയിൽ വ്യക്തമായത്. കാറിൽ വന്നയാൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് കുഞ്ഞ് മാധ്യമങ്ങളോടും പറഞ്ഞത്. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോഴേക്കും ആക്രമിച്ചയാൾ കടന്നു കളഞ്ഞിരുന്നെന്ന് രക്ഷിതാക്കളും പറഞ്ഞു. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്കാനിംഗ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇടത് ഭാഗത്തെ വാരിയെല്ലിന് ചതവുണ്ടെന്ന് കണ്ടെത്തി. ഇളകാതിരിക്കാൻ കയ്യിൽ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദ്ദേശം.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായതായാണ് കോൺഗ്രസ് അടക്കം കുറ്റപ്പെടുത്തുന്നത്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ക്ഷോപിച്ച തലശ്ശേരി എംഎൽഎയും സ്പീക്കറുമായ എഎൻ ഷംസീറിനെതിരെയും ഇതിനോടകം വിമർശനുമുയർന്നിട്ടുണ്ട്. 'ഞാനല്ലല്ലോ ചവിട്ടിയത്' എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ സ്പീക്കർ രോഷത്തോടെ പ്രതികരിച്ചത്. ഷംസീറിന്റെ ഈ രീതിയിലുള്ള പ്രതികരണം സംസ്ക്കാരമില്ലായ്മയാണെന്നും ബുദ്ധിയുള്ള ആരും ഷംസീറിനെ പോലെ സംസാരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. "സ്പീക്കർ ആണത്രേ സ്പീക്കർ" ഇങ്ങനെ പോയാൽ നാടിന്റെ ഭാവി ദുരന്ത പൂർണമാകുമെന്നും സുധാകരൻ പ്രതികരിച്ചത്.

