
തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റു കൊടുക്കാൻ സിപിഎം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹമീദ് ചേന്ദമംഗലൂർ. തുടർച്ചയായി ഭരണത്തിലിരിക്കുക എന്നതിനേക്കാൾ മഹത്തരമായ രാഷ്ട്രീയ പ്രവർത്തനമാണ് അഞ്ച് വർഷം കൂടുമ്പോൾ പ്രതിപക്ഷത്തിരിക്കുക എന്നത്. അതിനാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റു കൊടുക്കാൻ സിപിഎം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1917 ൽ നിലവിൽ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂനിയൻ ഏഴേ കാൽ പതിറ്റാണ്ടിനകം തകർന്നടിഞ്ഞു. കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കാകട്ടെ നാലര പതിറ്റാണ്ടിന്റെ ആയുസേ ഉണ്ടായുള്ളൂ. ഇന്ത്യയിൽ ബംഗാളിൽ 34 വർഷവും ത്രിപുരയിൽ 25 വർഷവും തുടർ ഭരണത്തിലിരുന്ന സിപിഎം ഇന്ന് ആ സംസ്ഥാനങ്ങളിൽ എടുക്കാച്ചരക്കാണ്. ദീർഘകാലം കേന്ദ്രം ഭരിച്ച കോൺഗ്രസ് രോഗശയ്യയിലായിട്ട് വർഷം നിരവധിയായിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പാർട്ടിയുടേയും തുടർ ഭരണം ജനങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അതിനുള്ള മുഖ്യകാരണം ഭരണകാലം നീളും തോറും അധികാരത്തിലിരിക്കുന്ന പാർട്ടിയും അതിന്റെ അണികളും ജനാധിപത്യ പാതയിൽ നിന്ന് അഹങ്കാര പാതയിലേക്ക് വഴിമാറുന്നു എന്നതാണ്. രാജാവും പ്രജകളും എന്ന പഴയകാല ജനവിരുദ്ധ വ്യവസ്ഥ ആർക്കും ഇഷ്ടപ്പെടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ 2016 ൽ അധികാരത്തിൽ തിരിച്ചെത്തിയ സിപിഎം 2021 ൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ടിരുന്നെങ്കിൽ അതാകുമായിരുന്നു സിപിഎമ്മിനും എൽഡിഎഫിനും നല്ലത്. സംസ്ഥാനത്തെ പൊതു സമൂഹത്തിനും അതാകുമായിരുന്നു ഗുണകരം. അങ്ങനെ സംഭവിക്കാതിരുന്നത്, അതായത് 2021 ൽ വീണ്ടും ഇടത് മുന്നണി ജയിച്ചു കയറിയത് സിപിഎമ്മിന്റെ മികവ് കൊണ്ടായിരുന്നില്ല, മറിച്ച് യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന്റെ കഴിവുകേട് കൊണ്ടായിരുന്നു.
കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവും ആ പാർട്ടിയുടെ നേതാക്കൾ തമ്മിലുള്ള പരിഹാസ്യമായ കടിപിടിയുമാണ് സിപിഎമ്മിനെ വീണ്ടും സിംഹാസനമേറ്റിയത്. 2026 ഏപ്രിലിൽ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും സിപിഎം ജയിച്ചുകയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ സംഭവിച്ചാൽ ആ വിജയവും സിപിഎമ്മിന്റെ ഭരണമികവ് കൊണ്ടാവില്ല. കോൺഗ്രസിന്റെ ഒഴിയാബാധയായ ആഭ്യന്തര ശണ്ഠകൾ മൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam