
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായിഎം സ്വരാജ് വേണമെന്ന് സിപിഎം എറണാകുളം ജില്ലാ ഘടകത്തിൽ ആവശ്യം. സ്വരാജ് മത്സരിച്ചാൽ ജയസാധ്യത എന്ന വിലയിരുത്തലിലാണ് സെക്രട്ടറിയേറ്റ് ഈ ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ചത്. എം സ്വരാജിന്‍റെ പേര് മാത്രമാണ് സെക്രട്ടേറിയേറ്റിന്‍റെ ചർച്ചയിൽ വന്നത്. വടക്കൻ പറവൂർ ഏറ്റെടുക്കണമെന്നും വി ഡി സതീശനെതിരെ ശക്തമായ മത്സരം നടത്തണമെന്നും സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നു. എറണാകുളത്തെ അഞ്ച് സിറ്റിംഗ് എംഎൽഎമാർ തുടരണമെന്ന ചർച്ചയും ജില്ലാ സെക്രട്ടറിയേറ്റിലുണ്ടായി. എന്നാൽ യുഡിഎഫിന് വലിയ മേൽക്കൈ ഉള്ള എറണാകുളം ആലുവ തൃക്കാക്കര സീറ്റുകളിൽ ചർച്ച നടന്നിട്ടില്ല. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കും.
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റും ചർച്ച ചെയ്തു. ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കും. അരൂരിൽ ദലീമ അല്ലെങ്കിൽ ജില്ലാ സെക്രട്ടറി ആർ നാസറാണ് പരിഗണനയിലുള്ളത്. കായംകുളത്ത് നിലവിലെ എംഎൽഎയായ യു പ്രതിഭ മാറിയേക്കും. കായംകുളത്ത് ബാബു ജാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അമ്പലപ്പുഴയിൽ എച്ച് സലാം, ആലപ്പുഴ ചിത്തരഞ്ചൻ എന്നിവരെയാണ് പരിഗണിക്കുന്നത്.
ഉറച്ച സീറ്റിൽ ടേം വ്യവസ്ഥ പാലിച്ചും മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കിയും ഒരാഴ്ചക്കകം സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ ഒരുങ്ങുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നാല് പേരൊഴികെ ബാക്കിയെല്ലാവരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്‍റേതാകും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ നടക്കുന്നത്. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇപി ജയരാജൻ പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ എന്നിവരൊഴികെ ബാക്കിയെല്ലാവരും സാധ്യതയുള്ളവരെന്ന് വിലയിരുത്തി തന്നെയാണ് ചർച്ചകൾ. കുറ്റാടി പേരാമ്പ്ര സീറ്റുകൾ സംബന്ധിച്ച് ഉഭയകക്ഷി ധാരണയാകുന്ന മുറയ്ക്ക് ടിപി രാമകൃഷ്ണൻ മത്സരിക്കുമോ എന്ന കാര്യത്തിലും ധാരണയുണ്ടാക്കും. എംഎൽഎമാരിൽ ഭൂരിഭാഗവും മത്സരത്തിന് ഉണ്ടാകും. തൃക്കരിപ്പൂരിൽ എം രാജഗോപാലിന് പകരം വിപിപി മുസ്തഫ വന്നേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam