കോണ്‍ഗ്രസ് ബിജെപിയെപ്പോലെ വൃത്തികെട്ട തന്ത്രങ്ങള്‍ കളിക്കുന്നു; ഫോട്ടോഷോപ്പ് വിവാദത്തില്‍ സിപിഎം

By Web TeamFirst Published Jul 12, 2020, 11:45 PM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തുവെന്ന തരത്തില്‍ വ്യാജ പ്രചരണത്തിനാണ് മന്ത്രിയുടെ ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ചത്.
 

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം. കോണ്‍ഗ്രസ് ബിജെപിയെ പോലെ വൃത്തികെട്ട തന്ത്രങ്ങള്‍ കളിക്കുന്നു. ഫോട്ടോഷോപ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നിലയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ എത്തി എന്നും സിപിഎം ആരോപിച്ചു. പാര്‍ട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് സിപിഎമ്മിന്റെ പ്രതികരണം. 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പങ്കെടുത്തുവെന്ന തരത്തില്‍ വ്യാജ പ്രചരണത്തിനാണ്  കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയുടെ ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ചത്. സംഭവത്തില്‍ മന്ത്രി ഇപി ജയരാജന്‍ പരാതി നല്‍കിയിട്ടുണ്ട്.  യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി ജി സുനില്‍, കോണ്‍ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

മുഹമ്മദ് റിയാസും വീണ വിജയനും തമ്മില്‍ ക്ലിഫ്ഹൗസില്‍ വച്ച് നടന്ന വിവാഹത്തില്‍  മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മന്ത്രി ഇപി ജയരാജനും ഭാര്യയും ഒരു  ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു.  ഈ ഫോട്ടോയില്‍ മന്ത്രി ജയരാജന്റെ ഭാര്യയുടെ ചിത്രത്തിന്റെ മുഖം മാറ്റി സ്വപ്ന സുരേഷിന്റെ ചിത്രം പതിച്ചാണ് പ്രചരിപ്പിച്ചത്. ഈ ഫോട്ടോ ഫെയ്‌സ്ബുക്കിലും വാട്സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനെതിരെയാണ് ജയരാജന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്.
 

click me!