
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി, ആന്തൂരിലെ വ്യവസായി സാജന്‍റെ ആത്മഹത്യ തുടങ്ങിയ വിവാദങ്ങളിൽ പ്രതിസന്ധിയിലാക്കിയിരിക്കേ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണൻ റിപ്പോര്‍ട്ട് ചെയ്യും.
ബിനോയ് കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് കോടിയേരി ബാലകൃഷ്ണന്‍. തനിക്ക് നേരെയുണ്ടായ ആരോപണങ്ങളും കേസും നേരിടുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യേണ്ട ബാധ്യത ബിനോയിക്കാണെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒന്നും തന്നെ ചെയ്യാനില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. വിവാദം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ലെന്നുമുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിലേക്ക് തന്നെ സംസ്ഥാന നേതൃത്വവും എത്താനാണ് സാധ്യത.
സാജന്‍റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമളക്കെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നേക്കും. ഈ വിഷയത്തിൽ കണ്ണൂരിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾക്കിടയിൽ ഭിന്നത പ്രകടമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട.
സി ഒ ടി നസീർ വിഷയത്തിൽ ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിടും മുമ്പേയാണ് ആന്തൂരിലും സിപിഎമ്മിനുള്ളിലെ വിഭാഗീയത ചർച്ചയാവുന്നത്. പി ജയരാജൻ ഇടപെട്ട പ്രവാസി വ്യവസായിയുടെ വിഷയത്തിൽ പി കെ ശ്യാമള എതിർ നിലപാടെടുത്തത് കോൺഗ്രസും ബിജെപിയും ചർച്ചയാക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam