
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് നടന്ന സി പി എം സംസ്ഥാന സമിതി യോഗത്തിൽ സെക്രട്ടറി എം വി ഗോവിന്ദനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് നേതാക്കൾ. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ആർ എസ് എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചുവെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ അതിരൂക്ഷമായ വിമർശനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. നിലമ്പൂരിലെ തോൽവിയുടെ ആക്കം കൂട്ടിയത് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണെന്ന കുറ്റപ്പെടുത്തലാണ് നേതാക്കൾ നടത്തിയത്. ആർ എസ് എസ് സഹകരണവുമായി ബന്ധപ്പെട്ട എം വി ഗോവിന്ദന്‍റെ പ്രസ്താവന നിലമ്പൂരിൽ വർഗീയ ചേരിതിരിവുണ്ടാക്കിയെന്നും വിമർശിക്കപ്പെട്ടു.
അതേസമയം എ ഡി ജി പി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സി പി എം സംസ്ഥാന സമിതിയിൽ ചർച്ചയായി. അജിത് കുമാറിന് സർക്കാർ നൽകുന്നത് അനാവശ്യ പരിഗണനയാണെന്നും ഇദ്ദേഹത്തെ വഴിവിട്ട് സംരക്ഷിക്കുന്നത് സർക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. തൃശ്ശൂർ പൂരം കലക്കലും, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യക്തത വരുത്തിയില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ഇവയെല്ലാം ഒരു വിഭാഗം ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും സി പി എം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.
അതേസമയം നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സി പി എം സംസ്ഥാന സമിതി യോഗത്തിന് മുന്നേ പറഞ്ഞത്. പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. വർഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യു ഡി എഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതൽ ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫിന് കൂട്ട്കെട്ടുണ്ടെന്നും എം വി ഗോവിന്ദൻ ദേശാഭിമാനി ലേഖനത്തിൽ വിമർശിച്ചിരുന്നു. നിലമ്പൂരിൽ ബി ജെ പിയുടേയും, എസ് ഡി പി ഐയുടേയും വോട്ട് യു ഡിഎഫ് നേടിയെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ പരാമർശിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് യു ഡി എഫിന്‍റെ ഈ കൂട്ടുകെട്ടുകളെന്നും അദ്ദേഹം വിമർശിച്ചു. ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല. നിലമ്പൂരിൽ വോട്ട് ചോർച്ച ഉണ്ടായത് യു ഡി എഫിനാണെന്നും 2021 വി വി പ്രകാശിന് ലഭിച്ചതിനേക്കാൾ 1470 വോട്ട് യു ഡി എഫിന് കുറഞ്ഞുവെന്നും ദേശാഭിമാനി ലേഖനത്തിൽ എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam