
തിരുവനന്തപുരം: പാചകവാതക വില വര്‍ദ്ധനയിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടുക്കള തന്നെ പൂട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന് സിപിഎം കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 405 രൂപ മാത്രമായിരുന്നു പാചകവാതകത്തിന്റെ വില. ഒമ്പത് മാസത്തിനിടെ 255 രൂപ സിലിണ്ടറിന് കൂട്ടി. ഉപഭോക്താക്കള്‍ക്ക് സബ്‍സിഡി നൽകിയിരുന്നത് മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വിലയും ഇടയ്ക്കിടെ കൂട്ടുകയാണ്. ഇന്ധനവില പിടിച്ചുനിര്‍ത്തുമെന്ന ബിജെപി വാഗ്‍ദാനം പാഴായെന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിലവര്‍ധനയ്ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പോക്കറ്റ് കാലിയാക്കി വില വര്‍ധന
സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കി ഇന്നലെ 50 രൂപയാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്മേൽ എണ്ണക്കമ്പനികള്‍ കൂട്ടിയത്. ഇതോടെ സിലിണ്ടര്‍ വില 1006 രൂപ 50 പൈസയായി. കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷം മാത്രം സിലിണ്ടറിന് 250 രൂപയുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മെയ് 1 ന് വാണിജ്യ സിലിണ്ടറുകളുടെ വില 103 രൂപ കൂട്ടിയിരുന്നു. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ വില വര്‍ദ്ധനവാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണമായി കമ്പനികള്‍ പറയുന്നത്. എല്‍പിജിയുടെ മാത്രമല്ല വീടുകളിലേക്ക് പൈപ്പുകളിലെത്തുന്ന പ്രകൃതി വാതകത്തിന്‍റെ വിലയും കഴിഞ്ഞ ദിവസം യൂണിറ്റിന് നാലേ കാല്‍ രൂപ കമ്പനികള്‍ കൂട്ടിയിരുന്നു. 2014 ജനവരിയില്‍ പാചക വാതക വില 1241 രൂപയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ 600 രൂപ സബ്സിഡിയായി ഉപഭോക്താക്കള്‍ക്ക് തിരിച്ചു ലഭിച്ചിരുന്നു. സബ്സിഡിയില്ലാതെ ഗാര്‍ഹിക സിലിണ്ടറിന് 1000 രൂപക്ക് മുകളില്‍ വില എത്തുന്നത് ഇത് ആദ്യമായാണ്.