സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും; പ്രിയാ വർ​ഗീസ് നിയമനവും ​ഗവർണർക്കെതിരായ പ്രതിഷേധവും ചർച്ചയാകും

By Veena ChandFirst Published Nov 18, 2022, 2:27 AM IST
Highlights

 അധ്യാപക നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യ എന്ന ഹൈക്കോടതി വിധി സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. ഗവർണർക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്കും സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നൽകും...

തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമനത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അധ്യാപക നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യ എന്ന ഹൈക്കോടതി വിധി സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. ഗവർണർക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്കും സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നൽകും. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ യുഡിഎഫിൽ ഉണ്ടാക്കിയ ഭിന്നത മുതലെടുക്കാനുള്ള തന്ത്രങ്ങളും സിപിഎം ചർച്ച ചെയ്യും.

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു.  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്. 

പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല. ഈ അഭിമുഖത്തിൽ അഭി ഏറ്റവും പ്രധാനം യുജിസിയുടെ ചട്ടങ്ങളാണ്. ഏത് സാഹചര്യത്തിലും അത് മറികടക്കാൻ കഴിയില്ലെന്നും കോടതി വിധിയിലുണ്ട്. ഈ സാഹചര്യത്തിൽ അസോ.പ്രൊഫസര്‍ പദവിക്ക് അപേക്ഷിക്കാൻ പ്രിയ വര്‍ഗ്ഗീസ് അയോഗ്യയാണ്. 

അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിക്കുന്നു. ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നും വിദഗ്ധർ അടങ്ങിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്നും കണ്ണൂർ യൂണിവേഴ്സിറ്റി പറഞ്ഞതായി കോടതി വിധിയിൽ പറയുന്നുണ്ട്. പദവിക്ക് അപേക്ഷിക്കാൻ വേണ്ട അധ്യാപന പരിചയം പോലും പ്രിയ വര്‍ഗ്ഗീസിന് ഇല്ലായിരുന്നുവെന്ന് നിരീക്ഷണവും  ഹൈക്കോടതി വിധിയിൽ നടത്തുന്നുണ്ട്.  പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല, സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അധ്യാപന പരിചയം അല്ല,NSS കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു. 

അസോ.പ്രൊഫസര്‍ നിയമനത്തിന് നിഷ്കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോൾ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നതെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.  നിരവധി പേര്‍ കക്ഷി ചേര്‍ന്ന ഈകേസിൽ പ്രിയയുടെ നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരനായ പ്രൊഫസർ ജോസഫ് സ്കറിയയുടെ ഹര്‍ജി നിലനിൽക്കില്ല എന്ന വാദം ഉന്നയിച്ചത് പ്രിയയുടെ അഭിഭാഷകൻ മാത്രമാണെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പോലും ആ വാദം ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അധ്യാപക ജോലി ചെയ്യാത്തവരെ അധ്യാപന പരിചയമുള്ളവരായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് സര്‍വ്വകലാശാല നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഓണ്‍ലൈനായി അഭിമുഖം നടത്തിയത്. എന്നാൽ അഭിമുഖം കഴിഞ്ഞ് ഏഴ് മാസത്തോളം സര്‍വ്വകലാശാല റാങ്ക് പട്ടിക പൂഴ്ത്തി വച്ചു. അസോസിയേറ്റ് പ്രൊഫസര്‍ പദവിയിലേക്കുള്ള നിയമന നടപടികൾ അതിവേഗം നടന്നുവെന്ന ആക്ഷേപം ഉയര്‍ന്നപ്പോൾ വിദ്യാര്‍ത്ഥികളുടെ അധ്യായനം മുടങ്ങാതിരിക്കാനാണ് നിയമനനടപടികൾ ത്വരിതപ്പെടുത്തിയതെന്നായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രൻ നേരത്തെ പറഞ്ഞത്. എന്നാൽ അതിവേഗം അഭിമുഖമടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും റാങ്ക് പട്ടിക എഴ് മാസം പ്രസിദ്ധീകരിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നൽകുന്നില്ല. 

Read Also: ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രി, പ്രതിപക്ഷം പറഞ്ഞത് കോടതി ശരിവച്ചു; പ്രിയ വർഗീസ് വിധിയിൽ പ്രതികരിച്ച് സതീശൻ

tags
click me!