
തൃശ്ശൂർ: ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിച്ച് തൃശ്ശൂർ സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ. ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളിൽ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിഷയത്തിൽ അബ്ദുൾ ഖാദർ പ്രതികരിച്ചു. വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും അതിലില്ല. സംഭവത്തിൽ ശരത്തിനോട് വിശദീകരണം തേടും. ആളുകൾക്ക് വീണുകിട്ടിയ ആയുധം എന്ന തരത്തിലാണ് അവരുടെ പ്രതികരണം. സിപിഎമ്മിനെതിരെ നടന്ന മാധ്യമ വിചാരണകൾ ഉണ്ട്.
രാഷ്ട്രീയ ആക്ഷേപങ്ങൾ ഉണ്ട്. അതെല്ലാം തെറ്റായ കാര്യമാണെന്നും ജില്ല സെക്രട്ടറി ചൂണ്ടിക്കാട്ടി. നേതാക്കളുടെ ജീവിതം സുതാര്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അനുചിത പരാമർശമാണ് ഉണ്ടായതെന്നും വിമർശിച്ചു. ഏതു സാഹചര്യത്തിലാണ് അങ്ങനെ പറയാൻ ഇടയായി എന്ന് വിശദീകരണം ആവശ്യപ്പെടുമെന്നും ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ പറഞ്ഞു.
തൃശൂരിലെ സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമുയർത്തിയാണ് ഡിവൈഎഫ്ഐആ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്‍റെ ശബ്ദരേഖ പുറത്തുവന്നത്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന് ശരത്പ്രസാദ് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. എം കെ കണ്ണന് കോടാനുകോടിയുടെ സ്വത്ത് ഉണ്ടെന്നും അപ്പർ ക്ലാസിനെ ഡീൽ ചെയ്യുന്ന ആൾ എസി മൊയ്തീൻ എന്നും ശരത്പ്രസാദ് പറയുന്നു. കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളും പ്രതിപക്ഷവും സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണം ഒരു പാർട്ടി നേതാവ് തുറന്നു പറയുന്നത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാണ് ആക്കുന്നത്.
ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് മറ്റൊരു പ്രവർത്തകനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അഞ്ചുകൊല്ലം മുമ്പ് റെക്കോർഡ് ചെയ്യപ്പെട്ട സന്ദേശമാണ് ഇതെന്ന് ശരത് പ്രസാദ് സമ്മതിച്ചിട്ടുണ്ട്. കരുവന്നുർ തട്ടിപ്പിൽ ഉൾപ്പെട്ട് അന്വേഷണ നിഴലിൽ നിൽക്കുന്ന എ.സി മൊയ്തീൻ,എം.കെ കണ്ണൻ, അനു പ് ഡേവിസ് കാട എന്നിവരെയാണ് ശരത് പ്രസാദ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. സിപിഎം നേതാക്കൾ സമ്പത്ത് ഉണ്ടാക്കുന്നതിനെ പറ്റിയും ശരത്ത് വിശദീകരിക്കുന്നുണ്ട്.
പ്രതിമാസം ഏരിയാ സെക്രട്ടറിക്ക് പതിനായിരം സമ്പാദിക്കാൻ ആയാൽ സംസ്ഥാന കമ്മിറ്റി അംഗത്തിന് അത് ഒരു ലക്ഷം വരെ. കപ്പലണ്ടി കച്ചവടം നടത്തിയ എം.കെ. കണ്ണൻ ശതകോടീശ്വരനായ രാഷ്ട്രീയം കൊണ്ടാണെന്നും ശരത്ത് പറയുന്നു. എസി മൊയ്തീനെ അപ്പർ ക്ലാസ് ഡീലർ എന്നാണ് ശരത്ത് വിശേഷിപ്പിക്കുന്നത്. ശരത് പ്രസാദ് കൂടി ഉൾപ്പെട്ട മണ്ണുത്തി സിപിഎം ഏരിയ കമ്മിറ്റി കീഴിലുള്ള ഏഴ് സഹകരണ സംഘങ്ങളിൽ സിപിഎം നേതാക്കൾ കോടികളുടെ അഴിമതി നടത്തിയെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
നിബിൻ സുനിവാസനെ കഴിഞ്ഞ സമ്മേളനത്തോടെ ഏരിയാ കമ്മിറ്റിയിൽ നിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുന്നതിന് പിന്നിൽ ശരത്ത് ആണ് പ്രവർത്തിച്ചതെന്ന് ആരോപണം ഉണ്ടായിരുന്നു. പാർട്ടിയിലെ ചേരിപ്പോര് തുടർന്നാണ് ശരത്തിന്റെ പഴയ ശബ്ദ സന്ദേശവും പുറത്തുവന്നത്. എന്നാൽ ശരത്ത് പറയുന്ന കാര്യങ്ങൾ നേതാക്കളുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പ്രതിപക്ഷം നേരത്തെ ഉയർത്തിയ അതേ കാര്യങ്ങൾ എന്നത് ഗൗരവം കൂട്ടുന്നു. കരുവന്നൂരിൽ മറുപടി പറയാൻ വിയർത്ത നേതൃത്വം യുവജന സംഘടനയുടെ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ നിരായുധരായി നിൽക്കുകയാണ്.