
തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം. നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ആരോപണം. പ്രതിഷേധ പരിപാടികൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമ്മിക്കാൻ വിദേശ ഫണ്ടുവാങ്ങിയതിൽ ക്രമക്കേടില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്.
വിദേശഫണ്ട് വാങ്ങിയതിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഇടത് സർക്കാറിൻ്റെ കാലത്തെ വിജിലൻസ് ഡയറക്ടറുടെ ശുപാർശയും യുഡിഎഫ് സർക്കാർ തള്ളി. സതീശനെ രക്ഷിക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നാണ് സിപിഎം ആരോപണം. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനെ ലക്ഷ്യമിട്ട് പുനർജനിയിലെ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം വിടണമെന്ന വിജിലൻസ് ഡയറക്ടറുടെ ശുപാർശ പുറത്തുവന്നപ്പോഴായിരുന്നു സതീശൻ്റെ ഏറെ ചർച്ചയായ പ്രതികരണം.
2018ൽ പറവൂരിൽ പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് വിദേശപര്യടനം നടത്തിയ വിഡി സതീശൻ ധനസമാഹരണ അഭ്യർത്ഥന നടത്തിയിരുന്നു. മണപ്പാട് ഫൗണ്ടേഷൻ എന്ന സംഘടനയുടെ വിദേശനാണ്യ ഇടപാട് നടത്താൻ കഴിയുന്ന അക്കൗണ്ടിലേക്കാണ് പണമെത്തിയത്. പുനർ നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ഇടത് സർക്കാർ കാലത്ത് രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. പക്ഷെ വിജിലൻസ് അന്വേഷണം നിലനിൽക്കില്ലെെങ്കിലും വിദേശനാണ്യ വിനിമയം ചട്ട ലംഘനമുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നൽകി.
ശുപാർശയുടെ രേഖകള്‍ പുറത്തുവിട്ടതല്ലാതെ കേന്ദ്ര ഏജൻസിക്ക് അന്വേഷണം പിണറായി സർക്കാർ കൈമാറിയില്ല. തിരിച്ചടിയുണ്ടാകുമെന്ന നിയമോപദേശമായിരുന്നു കാരണം. റിപ്പോർട്ട് കൂടുതൽ പരിശോധനക്ക് എന്ന പേരിൽ വിജിലൻസ് ഡയറക്ടർക്ക് വീണ്ടും മടക്കി. തുടർ അന്വേഷണം നടത്തിയ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പുനർജനിയുടെ പണ ഇടപാടിൽ വി ഡി സതീശൻ നേരിട്ട് പങ്കാളിയായിട്ടില്ലെന്നും വിജിലൻസ് കേസ് നിലനിൽക്കില്ലെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് സർക്കാരിനെ അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam