
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ ഏതെങ്കിലും വ്യക്തികൾക്ക് അല്ല ഉത്തരവാദിത്വമെന്നും വീഴ്ചയിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്നുദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി ഞായറാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടി സംഘടനയെ സജീവമാക്കുക, പാർട്ടിയുടെ വർഗ ബഹുജനമുന്നണി ശക്തിപ്പെടുത്തുക എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. അതിന്റെ നാനാവശങ്ങൾ പാർട്ടി പരിശോധിക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പാർട്ടിസംഘടനയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ഇടപെടൽ നടത്തുക എന്നതാണ് വിശാല സമിതിയുടെ ലക്ഷ്യം.
തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരാൾക്കല്ല ഉത്തരവാദിത്വം, പാർട്ടിക്കാണ് ഉത്തരവാദിത്വം. എവിടെയെല്ലാം എന്തെല്ലാം പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ അതെല്ലാം സൂക്ഷ്മതയിൽ പരിശോധിക്കണം. പാർട്ടി ഉടച്ചുവാർക്കലൊന്നും പ്രതീക്ഷിക്കേണ്ട. അങ്ങനെയൊരു സാഹചര്യം പാർട്ടിക്കില്ല. ഏതെങ്കിലും പോരായ്മ കണ്ടെത്തി അതിന് ഒരു വ്യക്തിയാണ് കാരണം എന്ന നിലപാട് ഇതുവരെയും പാർട്ടി എടുത്തിട്ടില്ല. പാർട്ടിയുടെ കൂട്ടുത്തരവാദിത്വത്തിലാണ് ഈ പ്രശ്നങ്ങളെല്ലാമുള്ളത്. ആ കൂട്ടുത്തരവാദിത്വം കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോവുക എന്ന സമീപനമാണ് പാർട്ടിയെടുക്കുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam