തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തെതുടർന്ന് നടപടിയെടുത്തെങ്കിലും പി. കെ. ശശിയെ പൂർണമായി കൈവിടാതെ സിപിഎം നേതൃത്വം. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ശശിയുടെ പരാതി പരിശോധിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കാൻ സിപിഎം നേതൃത്വം നീക്കമിടുന്നു.

ശശിക്കെതിരായ പരാതിയും ഗൂഢാലോചന നടന്നെന്ന ആരോപണവും പാലക്കാട്ടെ വിഭാഗീയതയുടെ തുടർച്ചയായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. ഒറ്റപ്പാലം, ചെർപ്ലശ്ശേരി പ്രദേശത്തെ നേതാക്കൾ ശക്തമായ ചേരിതിരിവുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്. പെൺകുട്ടിക്കൊപ്പമെന്ന നിലപാട് വ്യക്തമാക്കാനാണ് നിലവിൽ ശശിക്കെതിരെ മാത്രം നടപടി സ്വീകരിച്ചിരിക്കുന്നത്. ശശി ഉന്നയിച്ച ഗൂഢാലോചന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് പാലക്കാട് ജില്ലാനേതൃത്വവും ശശിയെ അനുകൂലിക്കുന്ന നേതാക്കളും. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുന്ന കാര്യം പാർട്ടി പരിഗണിക്കുന്നത്. 

നിലവിലെ അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തിയ മൊഴി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എളമരം കരീമോ എ വിജയരാഘവനോ ഉൾപ്പെടെയുളള നേതാക്കളടങ്ങുന്ന കമ്മീഷനാകും ഇതിനായി നിയോഗിക്കപ്പെടുക എന്നാണ് സൂചന. പാലക്കാട്ടെ മുൻ എംഎൽഎ, ഒരു സംസ്ഥാന സമിതി അംഗം, കർഷക സംഘം നേതാവ് എന്നിവരുൾപ്പെട്ട സംഘമാണ് ഗൂഢാലോചനക്ക് പുറകിലെന്നാണ് ആരോപണം. 

പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നും ശശിയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. ഇവർക്കെതിരെ നിലവിൽ നടപടിയിലേക്ക് നീങ്ങിയാൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. അതിനാൽ വിഭാഗീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടശേഷം മാത്രമേ തുടർ നടപടിയിലേക്ക് നീങ്ങൂ. ഇതിന്‍റെ ഭാഗമായി ഗൂഢാലോചന നടത്തിയെന്ന് ആരോപണമുളള പ്രവർത്തകർക്ക് താക്കീതോ, ശാസനയോ നൽകാനാണ് സാധ്യത. ഇതിന് ശേഷമേ അന്വേഷണ കമ്മീഷൻ നടപടിക്രമങ്ങളിലേക്ക്  കടക്കൂ. ശശിക്കെതിരായ നടപടി റിപ്പോർട്ട് ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ അടുത്തയാഴ്ച പാലക്കാട്ടെത്തും. വിഭാഗീയതയും ഗൂഡാലോചനയും അന്വേഷിക്കേണ്ട കമ്മീഷനെക്കുറിച്ച് അന്നുതന്നെ ഏകദേശ ധാരണയായേക്കും. 

ലൈംഗികപീഡനപരാതിയിൽ പി.കെ.ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്ഐ വനിതാനേതാവാണ് പി.കെ.ശശിയ്ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നൽകിയത്.