
കോഴിക്കോട്: കോഴിക്കോട് നരിക്കാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. സിപിഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് പേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പഞ്ചായത്തംഗമായ സിപിഎം നേതാവ് പി പി ബാലകൃഷ്ണനും കുടുംബത്തിനും നേരെയാണ് അക്രമം നടന്നത്. ബ്രാഞ്ച് സെക്രട്ടറി സജീവന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അക്രമിച്ചതെന്നായിരുന്നു പരാതി. സംഭവത്തിൽ സജീവൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സജീവന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന് കാരണം ബാലകൃഷ്ണന്‍റെ കുടുംബത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.