കേരള കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.

കോട്ടയം: കേരള കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. എന്നാൽ, പകരം സീറ്റ് ഇല്ലാതെ ഏറ്റുമാനൂർ വിട്ട് നൽകാൻ കേരള കോൺഗ്രസും തയ്യാറല്ല. നാലര പതിറ്റാണ്ടിനിടെ കോൺഗ്രസ് ഏറ്റുമാനൂരിൽ മത്സരിച്ചിട്ടില്ല. കഴിഞ്ഞ തവണ ലതിക സുഭാഷ് തല മൊട്ടയടിച്ച് പ്രതിഷേധിച്ച് പാർട്ടി വിടാൻ കാരണമായ ഏറ്റുമാനൂ‍ർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസിൽ നിന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന കുറെയധികം പേരുണ്ട്. അതിനാൽ തന്നെ സംസ്ഥാന യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയാകും ഏറ്റുമാനൂർ. കേരള കോൺഗ്രസിന്‍റെ കൈയ്യിലുള്ള സീറ്റിൽ ഇത്തവണ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു കോട്ടയം ജില്ലാ നേതൃത്വം.

 ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും രഹസ്യപിന്തുണയോടെയാണ് അണിയറ നീക്കങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ ഇടത് കേന്ദ്രങ്ങളിലടക്കം ഉണ്ടാക്കിയ വമ്പൻ മുന്നേറ്റം കോൺഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം കൂട്ടുന്നു. സാമുദായിക പരിഗണനകളടക്കം കണക്ക്കൂട്ടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷാണ് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനി. കഴിഞ്ഞ തവണ തന്നെ നാട്ടകം സുരേഷിന്‍റെ പേര് ഉയർന്നിരുന്നു. ഡിസിസി വൈസ് പ്രസിഡന്‍റ് ജി ഗോപകുമാറാണ് സാധ്യത പട്ടികയിലെ മറ്റൊരാൾ. മണ്ഡലത്തിൽ നിന്നുള്ള ആളെന്നത് ഗോപകുമാറിന് അനുകൂലമാണ്. 

സൗമ്യനായ ഗോപകുമാറിന്‍റെ ജനകീയതയിൽ നേതൃത്വത്തിനും വിശ്വാസം. മന്ത്രി വി എൻ വാസവൻ തന്നെ മത്സരിച്ചാൽ എതിരാളിയായി യുവ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ഉയർന്നാൽ യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പി കെ വൈശാഖിന് നറുക്ക് വീഴും. ഏറ്റുമാനൂർ മണ്ഡലത്തിലെ സിപിഎം കോട്ടയായ കുമരകം ഡിവിഷനിൽ അട്ടിമറിയിലൂടെയാണ് വൈശാഖ് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചത്. കനഗലു സർവേയിലും മുൻതൂക്കം വൈശാഖിനാണ്. സിപിഎമ്മിനോട് ഇടഞ്ഞ നിൽക്കുന്ന മുൻ എംഎൽഎ സുരേഷ്ക്കുറുപ്പിനെ യൂഡിഎഫ് പാളയത്തിലെത്തിച്ച് മത്സരിപ്പിക്കാനുള്ള ചില നീക്കങ്ങളും സജീവമാണ്.

YouTube video player