പുതുവർഷം പിറന്ന് ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ഇടുക്കി ജില്ലയിൽ വൈറൽ പനിയുൾപ്പെടെയുള്ള പകർച്ച വ്യാധികളും പടരുന്നു. വൈറൽ പനിയാണ് കൂടുതൽ പേർക്ക് പിടിപെട്ടത്. 5983 പേരാണ് ഒരു മാസത്തിനിടെ ചികിത്സ തേടിയത്
ഇടുക്കി: പുതുവർഷം പിറന്ന് ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ഇടുക്കി ജില്ലയിൽ വൈറൽ പനിയുൾപ്പെടെയുള്ള പകർച്ച വ്യാധികളും പടരുന്നു. വൈറൽ പനിയാണ് കൂടുതൽ പേർക്ക് പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ആരോഗ്യ വകപ്പ് ജാഗ്രത നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം 5983 പേരാണ് ഇടുക്കിയിൽ ഈ വർഷം വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടി ചേർത്താൽ പനി ബാധിതരുടെ എണ്ണം ഇനിയും വർധിക്കും. തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയാണ് ഇപ്പോൾ പനി ബാധിതരുടെ എണ്ണം കൂടാൻ കാരണം. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികൾക്കാണ് ജില്ലയിൽ ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച 11 പേരിൽ ഏഴു പേർ പെരുവന്താനം പഞ്ചായത്തിലാണുള്ളത്. ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. മുട്ടം, കല്ലാർവട്ടയാർ, തട്ടക്കുഴ, കാഞ്ചിയാർ,വണ്ടിപ്പെരിയാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി പത്തു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി എന്നിവിടങ്ങളിലായി 24 പേർക്കാണ് മലേറിയ പിടിപെട്ടത്. ഇടുക്കിയിൽ പലയിടത്തും കുട്ടികളിൽ മുണ്ടി നീര് രോഗവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവിൽ ഏഴു പേരാണ് കുഷ്ഠരോഗത്തിന് ചികിത്സയിലുളളത്.
ഇതിൽ മൂന്ന് പേർ മലയാളികളും ബാക്കിയുള്ളവർ അതിഥി തൊഴിലാളികളുമാണ്. ജില്ലയിലെത്തിയ അതിഥി തൊഴിലാളികളിൽ 2023 ലാണ് കുഷ്ഠരോഗം ആദ്യമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം 415 പേർക്ക് ക്ഷയരോഗവും പിടിപെട്ടു. ചൂട് കൂടുന്നതിനാൽ ജലജന്യ രോഗങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ശ്രദ്ധയിൽപെട്ടാൽ സ്വയം ചികിത്സിക്കാതെ ആശുപത്രിയിലെത്തി ഡോക്ടർമാരുടെ സഹായം സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.



