മരടിലെ ഫ്ലാറ്റുകൾ അനധികൃതമെന്ന് ക്രൈം ബ്രാഞ്ചും; പൊളിക്കാൻ വിദഗ്ധൻ നാളെയെത്തും

By Web TeamFirst Published Oct 9, 2019, 10:25 AM IST
Highlights

ഫ്ലാറ്റ് പൊളിക്കലിന് വിദഗ്ദോപദേശം നൽകാൻ സർക്കാർ നിയോഗിച്ച വിദഗ്ധൻ എസ് ബി സർവാതെ നാളെ കൊച്ചിയിലെത്തും. സ്ഫോടനത്തിലൂടെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചതിന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ വിദഗ്ധനാണ് മരടിൽ എത്തുന്നത്.

കൊച്ചി: മരടിൽ ഫ്ലാറ്റുകൾ നിർമ്മിച്ചത് തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ചും കണ്ടെത്തി. ചില ഭാഗത്ത്‌ കായൽ നികത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ സാഹചര്യത്തിൽ നിയമലംഘനത്തിന് കൂട്ടുനിന്ന മുൻ മരട് പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ മുൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ആണ് ചോദ്യം ചെയ്യുന്നത്.

ഇതോടൊപ്പം തന്നെ ഫ്ലാറ്റ് ഉടമകളുടെ മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ജെയിൻ കോറൽ കോവ് ഉടമകളുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഉദ്യോഗസ്ഥ സംഘം അല്പസമയത്തിനകം ഇവിടെ  പരിശോധന തുടങ്ങും. ജെയിൻ ഫ്ലാറ്റിന്റെ കായൽ കൈയ്യേറ്റം വീണ്ടും അളന്നു പരിശോധിക്കാനാണ് നീക്കം. ഫ്ലാറ്റുകൾ നിർമ്മിച്ചതിൽ വ്യാപക കയ്യേറ്റം ഉണ്ടായെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാതാക്കള്‍ക്കെതിരെയെടുത്ത കേസിലാണ് തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചാണ് ഫ്ലാറ്റുകളുടെ നിർമ്മാണം എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.  മന്ത്രിസഭ തീരുമാന പ്രകാരം ഫ്ലാറ്റ് നിർമ്മാണ കമ്പനിക്കെതിരെ ക്രിമിനൽ കേസെടുത്തിരുന്നു. വഞ്ചനക്കും, നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് കേസെടുത്തത്. കമ്പനി ഉടമകള്‍കളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ടായിരുന്നു.  നഗരസഭയിലെ രേഖകളിലടക്കം ക്രൈം ബ്രാഞ്ച് വിശദമായ പരിശോധന നടത്തിയിരുന്നു. 

Read More:മരട് ഫ്ലാറ്റ് കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം നഗരസഭ ഉദ്യോഗസ്ഥരിലേക്ക്

ഫ്ലാറ്റ് പൊളിക്കൽ; വരുന്നൂ സർവാതെ...

ഫ്ലാറ്റ് പൊളിക്കലിന് വിദഗ്ദോപദേശം നൽകാൻ സർക്കാർ നിയോഗിച്ച വിദഗ്ധൻ എസ് ബി സർവാതെ നാളെ കൊച്ചിയിലെത്തും. മറ്റന്നാൾ തന്നെ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാരിന്റെ നേതൃത്വത്തിലുള്ള സംഘവും സർവാതെയും മരടിലെ ഫ്ലാറ്റുകളിൽ എത്തി പരിശോധന നടത്തും. 23 വർഷം കൊണ്ട് 300  ഓളം കെട്ടിടങ്ങൾ പൊളിച്ച അനുഭവസമ്പത്തുമായാണ് ഇൻ‍ഡോറിൽ നിന്ന് സർവാതെയുടെ വരവ്. ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ സ്ഫോടനത്തിലൂടെ പൊളിച്ചതിനുള്ള ഗിന്നസ് റെക്കോർഡും സർവാതെയ്ക്ക് സ്വന്തമാണ്. നിയന്ത്രിത സ്ഫോടനത്തിലൂടെയാകും മരടിലെയും ഫ്ലാറ്റുകൾ പൊളിക്കുക.

Read More: മരട് ഫ്ലാറ്റ് പൊളിക്കൽ; സർക്കാർ വിദഗ്ധ എഞ്ചിനീയറുടെ സഹായം തേടി

ഫ്ലാറ്റ് പൊളിക്കാൻ ആര്?

ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഏതൊക്കെ കമ്പനികൾക്ക് കരാർ നൽകണം എന്നതിൽ 11 ന് അന്തിമതീരുമാനം ഉണ്ടാകും. എഡിഫൈസ് എഞ്ചിനീയറിംഗ്, വിജയ് സ്റ്റീൽസ് എന്നീ കമ്പനികളാണ് അവസാന പട്ടികയിലുള്ളത്. എന്നാൽ സമയ ബന്ധിതമായി പൊളിച്ചു നീക്കുന്നതിന് മൂന്നാമതൊരു കമ്പനി കൂടി വേണോ എന്ന കാര്യത്തിൽ ചർച്ചയുണ്ടാകും. വെള്ളിയാഴ്ചയോടെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറാനാണ് ശ്രമം.  ശേഷം 90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു നീക്കും.

ഇന്ന് നഗരസഭയുടെ അടിയന്തര കൗൺസിൽ

മരടിലെ ഫ്ലാറ്റ് പൊളിക്കൽ നടപടികൾ ചർച്ച ചെയ്യാനായി നഗരസഭ ഇന്ന് അടിയന്തര കൗൺസിൽ യോഗം ചേരും. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട്  സമീപ വാസികൾക്ക് ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ബോധവത്ക്കരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്ലാറ്റ് ഉടമകളുടെ ലിസ്റ്റ് നഗരസഭ ഇന്ന് സർക്കാരിന് സമർപ്പിക്കും.

ഇക്കാര്യങ്ങൾ എല്ലാം ഇന്ന് ചേരുന്ന മരട് നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ചയാകും. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട്  സമീപ വാസികൾക്ക് ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കുന്ന ചർച്ചകൾക്കാവും യോഗത്തിൽ പ്രഥമ പരിഗണന. ആശങ്കകൾ പരിഹരിക്കുന്നതിനായി മരട് ഫ്ലാറ്റുകൾക്ക് സമീപം താമസിക്കുന്നവർക്ക് 12 മുതൽ 14 വരെയുള്ള തീയതികളിൽ ബോധവത്കരണം നടത്താൻ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്.  ജില്ലാ കളക്ടറുടെ കൂടി സാന്നിധ്യത്തിലാകും ബോധവത്കരണം. 
 

click me!