മരട് ഫ്ലാറ്റ് കേസന്വേഷണം ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്ന്  നഗരസഭ ഉദ്യോ​ഗസ്ഥരിലേക്ക് നീക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിൽ മുൻ നഗരസഭ സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ വ്യാഴാഴ്ച ചോദ്യം ചെയ്യും.

കൊച്ചി: മരടിലെ ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്. കേസിൽ മുൻ നഗരസഭ സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ വ്യാഴാഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയത് അഷ്റഫ് സെക്രട്ടറി ആയിരിക്കുമ്പോൾ ആയിരുന്നു. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് മരട് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല. മരട്, പനങ്ങാട് പൊലീസ് സ്റ്റേഷനുകളിലാണ് ഫ്ലാറ്റ് ഉടമകള്‍ക്കെതിരായുള്ള കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചനക്കും നിയമലംഘനം മറച്ചുവച്ച് വിൽപ്പന നടത്തിയതിനുമാണ് മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read More:മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാതാക്കള്‍ക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്

ആൽഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ നാല് ഫ്ലാറ്റുകളുടെ നിർമ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികൾ. കമ്പനി ഉടമകളെ കൂടാതെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

സുപ്രീംകോടതി വിധി പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ സർക്കാർ വേ​ഗത്തിലാക്കുകയാണ്. ഇതിന് മുന്നോടിയായി ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും തുടർന്ന് താമസക്കാരെ മുഴുവനായും ഒഴിപ്പിക്കുകയും ചെയ്തു. ഫ്ലാറ്റ് വിട്ട് പോകില്ലെന്ന് കാണിച്ച് ഫ്ലാറ്റുടമകളുടെ നേതൃത്വത്തിൽ നിരാഹാരമുൾപ്പടെ വ്യാപക പ്രതിഷേധമാണ് നടന്നത്.

Read More:മരട് ഫ്ലാറ്റ് പൊളിക്കൽ; സർക്കാർ വിദഗ്ധ എഞ്ചിനീയറുടെ സഹായം തേടി

ഫ്ലാറ്റുകളിൽ നിന്ന് ഒഴിഞ്ഞവർക്ക് തൽക്കാലികമായി താമസിക്കുന്നതിനുള്ള സൗകര്യം ജില്ലാഭരണകൂടം ഒരുക്കിയിരുന്നു. ഒക്ടോബർ 11 മുതൽ ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങും. മൂന്ന് മാസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയില്‍ കെട്ടിടങ്ങൾ പൂർണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.