Latest Videos

ബിജെപി നേതാക്കൾക്കെതിരായ മെഡിക്കൽ കോഴയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

By Web TeamFirst Published Apr 6, 2019, 6:47 PM IST
Highlights

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിക്കാരനായ പ്രതിപക്ഷ നേതാവിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ  പിടിച്ചുകുലുക്കിയ മെഡിക്കൽ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിക്കാരനായ പ്രതിപക്ഷനേതാവിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. 

സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്ക് മെഡിക്കൽ കൗണ്‍സിലിന്‍റെ അംഗീകാരം വാങ്ങി നൽകാൻ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്‍റായിരുന്നപ്പോൾ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് നേതൃത്വം വെട്ടിലായത്. കോഴ നൽകിയവരും ഇടനിലക്കാരും പാർ‍ട്ടി കമ്മീഷൻ അംഗങ്ങളും ആരോപണം തള്ളിപ്പറഞ്ഞതോടെ ആദ്യം നടത്തിയ വിജിലൻസ് അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചില്ല. 

സർക്കാർ ഉദ്യോഗസ്ഥർ ഉള്‍പ്പെടാത്ത ഒരു അഴിമതി ആയതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണമെന്ന ശുപാ‍ർശയോടെയാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതൊടൊപ്പം  പ്രതിപക്ഷ നേതാവ് നൽകിയ കത്ത് കൂടി ആയുധമാക്കിയാണ് ഒരു മാസം മുമ്പാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. 

കഴിഞ്ഞ ആഴ്ച പ്രതിപക്ഷ നേതാവിന്‍റെ മൊഴി ക്രൈംബ്രാഞ്ച് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -  ഒന്ന് രേഖപ്പെടുത്തി. ബിജെപി നേതാക്കളോട് മൊഴി രേഖപ്പെടുത്താൻ സമയം ചോദിച്ചുവെങ്കിലും പ്രചാരണ തിരക്കായതിനാൽ സമയം നൽകിയില്ല. 

വർക്കല എസ്.ആർ.മെഡിക്കൽ കോളജ്, ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളജ് എന്നിവയുടെ അംഗീകാരത്തിനായി എം.ടി.രമേശ്, ബിജെപിയുടെ സഹകരണ സെൻ മുൻ കണ്‍വീനർ എന്നിവർ ഇടനിലക്കാരായി കോടികള്‍ നൽകിയെന്നായിരുന്നു ആരോപണം.  ദില്ലിയിലെ സതീഷ് നമ്പ്യാർ എന്ന ഇടനിലക്കാരനാണ് പണം കൈമാറിയതെന്നായിരുന്നു അന്വേഷണ കമ്മീഷൻ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം മെഡിക്കൽ കോഴയെ വീണ്ടും സജീവമാക്കുമ്പോള്‍ പ്രതിരോധത്തിലാകുന്ന ബിജെപി നേതൃത്വം ഇതിനെ എങ്ങനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്. 

click me!