
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാതട്ടിപ്പ് കേസില്‍ പരീക്ഷാഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. പരീക്ഷാ ഹാളില്‍ പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ച സാഹചര്യത്തിലാണിത്. പിഎസ്‍സി ക്രമക്കേടുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. പ്രതികളിലൊരാളായ പ്രണവ് പരീക്ഷാ ഹാളില്‍ നിന്നും ചോദ്യപേപ്പറിന്‍റെ ഫോട്ടോ എടുത്ത് പുറത്തേക്ക് അയച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
പരീക്ഷ നടന്ന ദിവസം പ്രതികൾ എസ്എംഎസിലൂടെ കൈമാറിയ ഉത്തരങ്ങൾ പൂർണ്ണമായും ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ ക്രൈംബ്രാഞ്ച് വീണ്ടെടുത്തിരുന്നു. പ്രതികളായ ഗോകുലും സഫീറും ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവർക്കയച്ച സന്ദേശങ്ങളാണ് ക്രൈം ബ്രാഞ്ചിന് വീണ്ടെടുക്കാനായത്. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞതിനാലും പ്രതികൾ മൊബൈൽ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തതിനാല്‍ സന്ദേശങ്ങൾ വീണ്ടെടുക്കുക ശ്രമകരമായിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹൈടെക് സെൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
കേസിലെ അഞ്ചാം പ്രതിയും സിവിൽ പോലീസ് ഉദ്യോഗസ്ഥനുമായ ഗോകുലിന്‍റെ കൈയക്ഷരം പരിശോധിക്കുവാൻ ക്രൈബ്രാഞ്ചിന് തിരുവനന്തപുരം സിജെഎം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഗോകുലിന്‍റെ വീട്ടിൽ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഡയറിയിൽ ഇരുപതോളം പേരുടെ മൊബൈൽ നമ്പർ ഉണ്ടായിരുന്നു. മൊബൈൽ നമ്പറുകൾ എഴുതിയ കൈയ്യക്ഷരം തന്‍റേതല്ലെന്നാണ് ഗോകുലിന്‍റെ വാദം. ഇതിനെ തുടർന്നാണ് അന്വേഷണ സംഘം ഇയാളുടെ കൈയക്ഷരം ശാസ്‌ത്രീയമായി തെളിയിക്കുവാൻ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam