
കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം മുൻ ഇടത് പഞ്ചായത്ത് ഭരണ സമിതിയിലേക്കും. മുൻ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ രണ്ടുപേർ ക്രൈംബ്രാഞ്ച് സമിതിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. മരട് പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളും പ്രാദേശിക സിപിഎം നേതാക്കളുമായ പി കെ രാജു, എം ഭാസ്കരൻ എന്നിവരിൽ നിന്നാണ് മൊഴിയെടുക്കുക.
മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006 ൽ നിയമം ലംഘിച്ചുള്ള നിർമ്മാണ അനുമതികൾ നൽകിയതെന്നാണ് അറസ്റ്റിലുള്ള മുൻ മരട് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നൽകിയ മൊഴി. നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
പഞ്ചായത്ത് മിനുട്സിലും തിരുത്തൽ വരുത്തിയെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
2006ൽ ചേർന്ന മരട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലായിരുന്നു തീരദേശപരിപാലന നിയമത്തിലെ പ്രശനങ്ങൾ കാരണം ഫ്ലാറ്റ് നിർമാണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഐക്യകണ്ഠേന തീരുമാനമെടുക്കുന്നത്. നിയമം ലംഘിച്ച് മരടിൽ ഫ്ലാറ്റുകൾ ഉയരുന്നത് ഈ തീരുമാനത്തിന് പിന്നാലെ യാണ്. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് നിർമാണത്തിന് അനുമതി നൽകിയതെന്ന് അറസ്റ്റിലുള്ള മുൻ പഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
എന്നാൽ അങ്ങനെ ഒരു തീരുമാനവും പഞ്ചായത്ത് യോഗത്തിൽ എടുത്തിട്ടില്ലെന്നും മിനിട്സ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ആയ ദേവസി തിരുത്തി തയ്യാറാക്കിയതാണെന്നും ആരോപിച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിന്നാലെ കോൺഗ്രസ്സിനൊപ്പം ദേവസിയെ തള്ളി സിപിഎം മുൻ പഞ്ചായത്ത് അംഗവും രംഗത്തു വന്നു.
ചോദ്യം ചെയ്യലിന് ഹാജരായ പി കെ രാജുവും ഈ ആരോപണങ്ങൾ തന്നെ ആവർത്തിച്ചു. സിആർഇസഡ് ടൂവിൽ പെടുന്ന നിർമ്മാണങ്ങൾക്ക് തടസം പാടില്ലെന്ന് തരത്തിൽ ഒരു പ്രമേയം പഞ്ചായത്തിൽ പാസാക്കിയതായി തനിക്ക് അറിയില്ലെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരമൊരു പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിൽ തങ്ങളുടെ അറിവോടെയല്ല. എന്നാൽ പ്രമേയം ഐക്യകണ്ഠേന പാസാക്കിയെന്ന് ആണ് മിനിട്സിൽ രേഖപ്പെടുത്തിയിരുന്നത്. ഈ മിനിട്സ് തിരുത്തപ്പെട്ടതാണെന്നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും രാജു പറഞ്ഞു.
സിപിഎം അംഗങ്ങൾ തന്നെ കൈവിട്ടതോടെ മരടിലെ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങളിൽ കെഎ ദേവസിക്കെതിരായ അന്വേഷണം വേഗത്തിലാക്കാൻ ആണ് ക്രൈംബ്രാഞ്ച് നീക്കം. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയിൽ നിന്ന് അടുത്ത ദിവസം മൊഴി എടുക്കും. വരുന്ന ദിവസങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയിലെ രണ്ട് പേരെ വീതം ചോദ്യം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. പഞ്ചായത്ത് ഭരണസമിതിയിൽ 21അംഗങ്ങളാണുണ്ടായിരുന്നത്.
ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ,ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് കേസിൽ ഇതു വരെ അറസ്റ്റിലായിട്ടുള്ളത്. ഫ്ലാറ്റ് കേസിൽ ക്രൈംബ്രാഞ്ച് തിരയുന്ന ഒന്നാം പ്രതിയും ജെയിൻ കോറൽ കോവ് ഉടമയുമായ സന്ദീപ് മേത്തയ്ക്ക് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അന്തർ സംസ്ഥാന ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, ഫ്ലാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയിൽ തുടരും. 86 ഫ്ലാറ്റുടമകൾ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിർണ്ണയ സമിതി ഇന്നലെ അറിയിച്ചിരുന്നു.
ഇന്നലെ 34 പേർക്കാണ് സമിതി നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തത്. 325 ഫ്ലാറ്റുടമകളിൽ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 141പേർക്ക് ധനസഹായത്തിന് ശുപാർശ നൽകി കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam