
തുറവൂർ: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡ് പള്ളിത്തോട് പടിഞ്ഞാറേ മനക്കോടം പാല്ല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൊല്ലം ബെൻസിഗർ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ഫെബിനയെ പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചുവരവെ കഴിഞ്ഞ ജനുവരി 18നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണ്ണക്കട നടത്തുന്നതുമായ പ്രതീപ് എന്നയാളിൽ നിന്ന് ഫെബിനയ്ക്ക് നിരന്തരമായി പീഡനവും ഭീഷണിയും നേരിട്ടിരുന്നതായും, ഇയാൾ മുൻപ് പലതവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. പ്രതീപിന്റെ നിരന്തര ശല്യം കാരണം പഠനം അവസാനിപ്പിച്ചിരുന്ന ഫെബിന, പരീക്ഷയെഴുതാൻ മാത്രമായി കൊല്ലത്ത് എത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. ആലപ്പുഴയിൽ നിന്ന് മാതാപിതാക്കൾ എത്തുന്നതിനുമുൻപ് തിടുക്കത്തിൽ പോസ്റ്റ്മോർട്ടവും മറ്റ് നടപടികളും പൂർത്തിയാക്കിയത് മരണത്തിലെ ദുരൂഹത വർധിപ്പിച്ചിരുന്നു. കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചികൊണ്ട് കുത്തിയ പാടുകളുണ്ടായിരുന്നതായും ചുണ്ടിൽ മുട്ടുസൂചി കുത്തിത്തറച്ച നിലയിലായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ മാതാപിതാക്കൾ കൊല്ലം സിറ്റി കമ്മീഷണർക്ക് നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് കൈമാറിയിരുന്നു. ഫെബിനയുടെ മരണത്തിൽ വലിയ അസ്വാഭാവികതയുണ്ടെന്നും, സംഭവത്തിൽ കൊട്ടിയം പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam