
കാസർകോട്: വിവാഹ ക്ഷണക്കത്തിലെ മേൽവിലാസം നോക്കി കവർച്ചക്കെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ സ്വർണ്ണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി ബക്സു അലിയെയാണ് അന്വേഷണസംഘം പിടികൂടിയത്. ചീമേനിയിൽ ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടോളി തൊടുവളത്തെ നാരായണിയുടെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ കമ്മലാണ് കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്. നാരായണിയുടെ പേരക്കുട്ടിയുടെ വിവാഹത്തിനായി കുടുബാംഗങ്ങളെല്ലാം പോയ സമയത്തായിരുന്നു കവർച്ച. നാരായണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്‌കൂട്ടറിൽ വീട്ടിലെത്തിയ പ്രതി വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ പോയപ്പോൾ വീടിനകത്ത് കയറിയ പ്രതി മേശയിലുണ്ടായിരുന്ന 3000 രൂപ കൈക്കലാക്കി. യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാരായണി തന്ത്രപരമായി കഴുത്തിലുണ്ടായ സ്വർണ്ണമാല ഒളിപ്പിച്ചു വച്ചിരുന്നു.
തുടർന്ന് പ്രതി കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണക്കമ്മൽ ഊരി വാങ്ങി രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചാണ് നാടകീയമായ കവർച്ചയിൽ പോലീസ് പ്രതിയിലേക്ക് എത്തിയത്. പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ട്രെയിനിയായ ജേഷ്ഠന്റെ മകനെ കാണുന്നതിനാണ് ബക്സു അലി കേരളത്തിലെത്തിയത്. ആദ്യമായി കേരളത്തിലെത്തുന്ന പ്രതി ട്രെയിനിൽ നിന്ന് പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിയുടെ ബൈക്ക് 2000 രൂപക്ക് വാടകയ്ക്കെടുത്ത് സി.ആർപിഎഫ് ക്യാമ്പിൽ എത്തി ബന്ധുവിനെ കണ്ട് മധുര പലഹാരങ്ങൾ നൽകി മടങ്ങി. പയ്യന്നൂരിലേക്ക് മടങ്ങുന്ന വഴിയിൽ മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വിവാഹം നടക്കുന്നത് കണ്ട് പ്രതി അവിടെയെത്തി. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീയുടെ ബാഗ് മോഷ്ടിച്ചു. അതിലുണ്ടായിരുന്ന വിവാഹ ക്ഷണക്കത്തിൽ നിന്നാണ് വധുവിന്റെ വീടിന്റെ അഡ്രസ്സ് ലഭിച്ചത്. തുടർന്ന് നാട്ടുകാരോട് വഴി ചോദിച്ച് ചോദിച്ചാണ് ചീമേനി പട്ടോളിയിലെ വീട്ടിലെത്തുകയായിരുന്നു. സ്വർണ്ണക്കമ്മൽ കവർന്ന ശേഷം പ്രതി ഗുജറാത്തിലേക്ക് മടങ്ങി. 500 ലധികം സിസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്.
നാട്ടിൽ ചെറുകിട ബിസിനസ് നടത്തുന്ന ബക്സു അലി സ്വർണ്ണം ഗുജറാത്തിൽ വിൽപന നടത്തി. കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തെളിവെടുപ്പിലായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ചീമേനി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡുമാണ് അന്വേഷണം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam