
കോഴിക്കോട്: സിപിഎമ്മിന് തലവേദനയായി ക്വട്ടേഷൻ സംഘങ്ങൾ. പാർട്ടിയുടെ പേര് പറഞ്ഞ് ക്വട്ടേഷൻ സംഘങ്ങൾ പണം പിരിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് താമരശ്ശേരിയിലെ സിപിഎം നേതൃത്വമാണ് ഇക്കാര്യത്തിൽ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പാർട്ടിയുടെ പേര് പറഞ്ഞ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം ചോദിക്കുകയാണെന്ന് സിപിഎം നേതാക്കൾ പറയുന്നു. അഞ്ച് ലക്ഷം മുതൽ 20 ലക്ഷം വരെ ക്വട്ടേഷൻ സംഘങ്ങൾ ചിലരോട് ആവശ്യപ്പെട്ടെന്നാണ് വിവരം.
ഇത്തരക്കാർക്ക് പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കും ഇവരുടെ പേര് വിവരങ്ങൾ വൈകാതെ പുറത്ത് വിടുമെന്നും സിപിഎം നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്നും സിപിഎം നേതൃത്വം മുന്നറിയിപ്പ് നൽകുന്നു. സംഭവം നാട്ടിൽ വലിയ ചർച്ചയായ സ്ഥിതിക്ക് പാർട്ടി നിലപാട് വിശദീകരിച്ച് താമരശ്ശേരിയിൽ സിപിഎം വൈകാതെ പൊതുയോഗം വിളിച്ചു കൂട്ടും.
ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും ഇരുപത് ലക്ഷം വരെ ചോദിക്കുന്നുണ്ട്. പുതുതായി കെട്ടിടം പണിയുന്നവരോട് പത്ത് ലക്ഷം ആണ് ആവശ്യപ്പെടുന്നത്. പെട്രോൾ പമ്പ് നിർമ്മിക്കാൻ വരുന്നവരോട് കുടിവെള്ളം കിട്ടില്ലെന്ന് പറഞ്ഞ് അഞ്ച് ലക്ഷം വരെ ആവശ്യപ്പെട്ടു... ഈ വിരട്ടലൊന്നും കണ്ട് ഭൂമിയുടമകളും കെട്ടിട ഉടമകളും വഴങ്ങിയില്ലെങ്കിൽ നാളെ നിങ്ങളുടെ സ്ഥലത്തേക്ക് സിപിഎമ്മുകാർ വരുമെന്നും കൊടിനാട്ടുമെന്നും സമരം നടത്തുമെന്നുമൊക്കെയാണ് - സിപിഎം നേതാക്കൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam