
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധിയിൽ പ്രക്ഷോഭ പരിപാടികളുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകള്‍ക്ക് മുന്നിൽ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്‍റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്‍റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ജൂലൈ ഒന്നിന് രാവിലെ 10ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ വേറെ ആരോ ആണ് ഭരിക്കുന്നതെന്നും വാർത്ത വിവാദം ആയപ്പോഴാണ് മന്ത്രി വീണാ ജോർജ് അറിഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്. പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഡോ ഹാരിസ് തുറന്നു പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇത് ഒറ്റപ്പെട്ട സംഭവം അല്ല. സർജറി ചെയ്‌താൽ തുന്നി കൂട്ടാൻ നൂൽ ഇല്ലാത്ത അവസ്ഥയാണുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇല്ലാതായി. അങ്ങനെ പല പദ്ധതികളും ഇല്ലാതായെന്നും വിഡി സതീശൻ പറഞ്ഞു. 2024 ജനുവരിയിൽ ഇക്കാര്യങ്ങളെല്ലാം നിയമസഭയിൽ ഉന്നയിച്ചിരുന്നു. നിരുത്തരവാദപരമായ മറുപടിയാണ് ആരോഗ്യ മന്ത്രിയുടേത്. രോഗികളുടെ എണ്ണം ആണ് മന്ത്രി മറുപടിയായി പറയുന്നത്. യഥാർഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം തകർന്നു പോയി. ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടതെന്നും ഇവിടെ പകർച്ച വ്യാധികൾ കൂടുകയാണെന്നും സതീശൻ പറഞ്ഞു.
യുഡിഎഫിന്റെ ഹെൽത്ത് കമ്മീഷൻ നാളെ നിലവിൽ വരും. ഹെൽത്ത് കോൺക്ലേവ് ജൂലൈ മാസത്തിൽ നടത്തും. പൊതുജന ആരോഗ്യ വിദഗ്ദരെ ഉൾപ്പെടുത്തിയണ് ഹെൽത്ത് കമ്മീഷനെന്നും സതീശൻ പറഞ്ഞു. നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ പരിഹാസം ആയിരുന്നു മറുപടിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam