എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്നു: കെ സുധാകരനെതിരെ കോൺഗ്രസിൽ അമര്‍ഷം

Published : Dec 20, 2023, 10:08 AM ISTUpdated : Dec 20, 2023, 10:16 AM IST
എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്നു: കെ സുധാകരനെതിരെ കോൺഗ്രസിൽ അമര്‍ഷം

Synopsis

പ്രസ്താവന തിരുത്തി എങ്കിലും സംഘപരിവാർ അനുകൂല പരാമർശം ക്ഷീണമായെന്നും നേതാക്കൾ പറയുന്നു

തിരുവനന്തപുരം: കെ സുധാകരനെതിരെ കോൺഗ്രസിൽ അമർഷം. നിരന്തരമുള്ള വിവാദ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കുന്നുവെന്നാണ് നേതാക്കളുടെ പരാതി. എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുകയാണ് സുധാകരനെന്നും വിമര്‍ശനമുണ്ട്. പ്രസ്താവന തിരുത്തി എങ്കിലും സംഘപരിവാർ അനുകൂല പരാമർശം ക്ഷീണമായെന്നും നേതാക്കൾ പറയുന്നു. സുധാകരന് ചികിത്സാര്‍ത്ഥം അവധി നൽകി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദത്തിൽ താത്കാലിക നേതൃത്വം വരണമെന്നും പാര്‍ട്ടിയിൽ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിർദ്ദേശം ചെയ്ത ഗവർണറെ അനുകൂലിച്ചാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ പ്രതികരിച്ചത്. സംഘപരിവാർ  അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് പറഞ്ഞ അദ്ദേഹം പട്ടികയിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും ലിസ്റ്റിലുള്ളവരുടെ  യോഗ്യതകൾ പരിശോധിക്കുകയാണെന്നും പറഞ്ഞിരുന്നു. അതിനായി കെപിസിസി
ഒരു കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നാലെ സിപിഎം ഇത് ആയുധമാക്കി രംഗത്ത് വന്നു. മുതിര്‍ന്ന നേതാക്കൾ കെ സുധാകരനെ വിമര്‍ശിച്ചപ്പോൾ പാര്‍ട്ടി അനുഭാവികൾ സമൂഹമാധ്യമങ്ങളിൽ സുധാകരനെതിരെ രൂക്ഷമായ പരിഹാസമുയര്‍ത്തി. 

പിന്നാലെ വിശദീകരണവുമായി രംഗത്ത് വന്ന കെ സുധാകരൻ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു.

'സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കില്‍ അതിനെ ശക്തമായി വിമര്‍ശിക്കും എന്നാണ് ഞാന്‍ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതല്ലാതെ, സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ല. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറല്‍പോലും ഏല്‍പ്പിക്കാന്‍ സാധ്യമല്ല. സംഘപരിവാര്‍ ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണറെ ഒരുകാലത്തും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. ഗവര്‍ണ്ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടവരാണ് ഞങ്ങള്‍. എന്നാല്‍ അതിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ആ ആവശ്യത്തെ പരാജയപ്പെടുത്തിവരാണ് പിണറായി വിജയനും കൂട്ടരും'

എന്നാൽ ഇന്ന് രാവിലെ മന്ത്രി എംബി രാജേഷും കെ സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചു. കെ പി സി സി ആദ്യം ചെയ്യേണ്ടത് സുധാകരനെ പുറത്താക്കലാണെന്ന് പറഞ്ഞ അദ്ദേഹം സംഘപരിവാർ നിയമനത്തെ അനുകൂലിച്ചതിനോട് പ്രതിപക്ഷ നേതാവിന് എന്താണ് പറയാനുള്ളതെന്നും ചോദിച്ചു. കെപിസിസിക്ക് ലജ്ജയുടെ കണികയുണ്ടോ? നാട്ടിൽ ആരെങ്കിലും തമ്മിൽ തല്ല് കൂടുന്നതല്ല ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ്

 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം