സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ ആര്: പിഎസ്‍സി ചോദ്യത്തിനെതിരെ പ്രതിഷേധം

By Web TeamFirst Published Apr 5, 2019, 10:36 PM IST
Highlights

ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ബുധനാഴ്ച നടന്ന പിഎസ്സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം വന്നത്. സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദർശനം നടത്തിയതെന്നായിരുന്നു ചോദ്യം.

തിരുവന്തപുരം: സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന പിഎസ്‍സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധം. വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തിര യോഗം ചേർന്ന് വിമർശിച്ചു.

ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ബുധനാഴ്ച നടന്ന പിഎസ്സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം വന്നത്. സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദർശനം നടത്തിയതെന്നായിരുന്നു ചോദ്യം. 

ഓപ്ഷനുകൾ ഇതായിരുന്നു. ഒന്ന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, രണ്ട് ബിന്ദു അമ്മിണി കനക ദുർഗ, മൂന്ന് ശശികല ശോഭ, നാല് സൂര്യ ദേവാർച്ചന പാർവതി. ശരിയുത്തരം ബിന്ദുവും കനക ദുർഗയുമാണെന്ന് പിഎസ്‍സിയുടെ വെബ്സൈറ്റിലുള്ള ഉത്തര സൂചികയിൽ നൽകിയിട്ടുണ്ട്. ഇതിനെതിരെയാണ് പന്തളം കൊട്ടാരം രംഗത്ത് വന്നത്. 

വീണ്ടും പഴയ സംഭവങ്ങൾ   ഓർമിപ്പിക്കുകയാണെന്നും വിശ്വാസികളെ പ്രകോപിപ്പിക്കാനുള്ള  ശ്രമമാണെന്നും പന്തളം കൊട്ടാരം അടിയന്തിര യോഗം ചേർന്ന് വിലയിരുത്തി. വിവിധ മേഖലയിലെ വിദഗ്ദർമാർ ഉൾപ്പെടുന്ന സെറ്റർമാരാണ് ചോദ്യങ്ങൾ തയാറാക്കുന്നതെന്നാണ് ചോദ്യങ്ങൾ തയാറാക്കുന്നതിനെക്കുറിച്ചുള്ള പിഎസ്‍സിയുടെ വിശദീകരണം. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പിഎസ്‍സി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സമയത്ത് ചോദ്യം ഒന്നു കൂടി വിവാദമാകാനാണ് സാധ്യത.  

click me!