
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ പെട്ടി പോലും പൊട്ടിക്കാതെയാണ് അനാഥമായി കിടക്കുന്നത്. വെന്റിലേറ്ററുകൾ, ഡിജിറ്റൽ എക്സ്-റേ, മാമോഗ്രാം മെഷീനുകൾ, ഡയാലിസിസ് മെഷീനുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിക്കാത്ത നിലയിൽ കണ്ടെത്തി. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് നൽകി. വിവിധ ആശുപത്രികളിലെ ഉപകരണങ്ങളുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മുൻപ് കെഎംഎസ്‍സിഎൽ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ വിവരം പുറത്തുവന്നിരുന്നു. അതിൽ അന്വേഷണം നടക്കുമ്പോഴാണ് മെഡിക്കൽ ഉപകരണങ്ങളുടെ റിപ്പോർട്ട് പുറത്തുവരുന്നത്. വിവിധ ആശുപത്രികളിലായി വാങ്ങിക്കൂട്ടിയ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ വാങ്ങിയ ഉപകരണങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഉപകരണങ്ങൾ ഓരോന്നിനും മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകി. ഉപകരണങ്ങൾ വാങ്ങി ഭദ്രമായി വെച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിനെ വെള്ളാനയാക്കി മാറ്റുന്ന കുറേ ആളുകൾ വകുപ്പിലുണ്ട്. ഓരോന്നായി കണ്ടുപിടിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൻഎച്ച്എം, ഡിഎംഇ വാങ്ങിയ ഉപകരണങ്ങളുടെ കണക്കുകൾ കൂടി എടുക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മൂന്നുലക്ഷത്തിൽ താഴെയുള്ള ഉപകരണങ്ങളുടെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam