
ദില്ലി: ക്രിപ്റ്റോ കറൻസി (Crypto Currency) ഇടപാടുകലിലെ നികുതി വെട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ (Central Agencies) അന്വേഷണം വ്യാപിപ്പിക്കുന്നു. എൻഫോഴ്സ്മെന്റും ആദായ നികുതി വകുപ്പും ജിഎസ്ടി ഇൻ്റലിജൻസും ചേർന്ന് അന്വേഷണം നടത്തും. പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ വാസിർ എക്സ് നാൽപ്പത്ത് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനം.
രാജ്യത്ത് ക്രിപ്റ്റോകറൻസികൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരാനിരിക്കുകയാണ്. ആർബിഐ തന്നെ രാജ്യത്തിന് ഒരു ഔദ്യോഗിക ഡിജിറ്റൽ കറൻസി കൊണ്ടുവരുമെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെയാണ് നിലവിലെ ക്രിപ്റ്റോ സേവന ദാതാക്കൾക്കെതിരെയുള്ള അന്വേഷണം.
നിലവിലെ നിയമത്തിൽ ക്രിപ്റ്റോ ഇടപാടുകളെക്കുറിച്ചുള്ള അവ്യക്തതകാരണം നികുതി ഈടാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ അവ്യക്തതയുണ്ട്. പല ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ഇത് മുതലെടുത്ത് നികുതി അടയ്ക്കുന്നില്ലെന്നാണ് ആക്ഷേപം.
ക്രിപ്റ്റോ കറൻസികളെ പണമായി കണക്കാക്കണോ അതോ മറ്റേതെങ്കിലും തരത്തിലുള്ള ആസ്തിയോ സമ്പാദ്യമോ ആയി കണക്കാക്കണോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തമായ മാർഗനിർദ്ദേശമില്ല. ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു എന്നതിന് അനുസരിച്ചായിരിക്കും ക്രിപ്റ്റോക്ക് മുകളിൽ നികുതി വരിക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam