എം ശിവശങ്കറും സ്വപ്ന സുരേഷും കസ്റ്റംസിന്റെ കസ്റ്റഡിയിൽ, കൊച്ചിയിൽ വെച്ച് ചോദ്യം ചെയ്യും

By Web TeamFirst Published Nov 25, 2020, 8:29 PM IST
Highlights

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറെ അഞ്ചു ദിവസത്തേക്കാണ് കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്

കൊച്ചി: എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തത്. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് എറണാകുളത്തേക് കൊണ്ടുപോയി. ഡോളർ കടത്തു കേസിലാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ശിവശങ്കറെ അഞ്ചു ദിവസത്തേക്കാണ് കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഉന്നത പദവി വഹിക്കുന്നവർ നയതന്ത്ര ചാനലിലൂടെയുള്ള  കള്ളക്കടത്തിൽ ഉൾപ്പെട്ടുവെന്നത് അതീവ ഗൗരവമുള്ളതെന്നും കേട്ടുകേൾവിയില്ലാത്തതെന്നും അഡീഷണൽ സിജെഎം കോടതി  പറഞ്ഞു. ശിവശങ്കറുടെ ഔദ്യോഗിക  പദവികളെ കുറിച്ച് കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് മൗനം പാലിച്ചത് അദ്ദേഹത്തെ പേടിയായതു കൊണ്ടാണോ എന്ന് കോടതി  ചോദിച്ചു. 

പത്ത് ദിവസത്തെ കസ്റ്റഡി ആണ് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെ ശിവശങ്കറിന്റെ അഭിഭാഷകൻ എതിർത്തു. സ്വപ്നയെ പത്തുതവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.അന്നെല്ലാം ശിവശങ്കറിന് സ്വർണക്കടത്തിൽ ഒരു പങ്കുമില്ലെന്നാണ് സ്വപ്ന മൊഴി നൽകിയത്. സർക്കാറിന്റെ ഉന്നതപദവിയിൽ ഇരുന്ന ആളായതു കൊണ്ട് ഗൂഢ ഉദ്ദേശത്തോടെയാണ് ശിവശങ്കറെ ഇപ്പോൾ കസ്റ്റംസ് പ്രതിചേർത്തതെന്നും അഭിഭാഷകൻ ആരോപിച്ചു. ഈ ഘട്ടത്തിലാണ് കോടതി കസ്റ്റംസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

കസ്റ്റംസ് സമർപ്പിച്ച ഒരു രേഖയിലും ശിവശങ്കറിന്റെ ഔദ്യോഗിക പദവികളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍ എന്ന് മാത്രമേ പറയുന്നുള്ളൂ. പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പറയുന്നില്ല. ശിവശങ്കറിനെ കസ്റ്റംസിന് പേടിയുള്ളതു കൊണ്ട് ആണോ ഇതെന്നും കോടതി ചോദിച്ചു. ശിവശങ്കറിന്റെ  ഫോണ്‍ ഉള്‍പ്പെടെ ഡിജിറ്റൽ തെളിവുകള്‍ ശേഖരിച്ചത് കസ്റ്റംസാണ്. ഇപ്പോൾ 11 മണിക്കൂറിൽ എന്തടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു.

ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട  ആവശ്യകതയെ പറ്റിപോലും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ലെന്ന് കോടതി പറഞ്ഞു. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കള്ളക്കടത്തിന് ഒത്താശ ചെയ്തുവെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു കസ്റ്റംസ് അഭിഭാഷകന്റെ  മറുപടി. തുടർന്ന് അഞ്ചു ദിവസത്തേക്ക് ശിവശങ്കറെ കോടതി കസ്റ്റംസിന് കസ്റ്റഡിയിൽ അനുവദിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്നും മുൻ ഐടി സെക്രട്ടറി എന്നും കോടതി വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉന്നതപദവി വഹിക്കുന്നവർ നയതന്ത്ര ചാനലിലൂടെ സ്വർണ്ണക്കടത്ത് നടത്തി എന്ന ആരോപണം  അതീവ ഗൗരവമുള്ളതാണെന്നും കേട്ടുകേൾവിയില്ലാത്തതാണെന്നും  വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.ഇതിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും വെളിച്ചത്തുകൊണ്ടുവരണം. കള്ളക്കടത്ത് നടന്ന സമയത്ത് ശിവശങ്കര്‍ ഉന്നത പദവികള്‍ വഹിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടോയെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അതിനാല്‍  കസ്റ്റഡി അനുവദിക്കുന്നുവെന്നും കോടതി വിധിയിൽ വ്യക്തമാക്കി.

click me!