നിഷാ പുരുഷോത്തമന് എതിരായ സൈബറാക്രമണം; ദേശാഭിമാനി ജീവനക്കാരൻ അടക്കം അറസ്റ്റിൽ

By Web TeamFirst Published Sep 18, 2020, 2:23 PM IST
Highlights

സമൂഹമാധ്യമങ്ങളിലൂടെ മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമനെതിരെ വ്യക്തിപരമായി അധിക്ഷേപം നടത്തിയ ദേശാഭിമാനി ജീവനക്കാരൻ വിനീത് ഉൾപ്പടെ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നൽകിയ പരാതി വട്ടിയൂർക്കാവ് പൊലീസിന് കൈമാറി.

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ വ്യാജപ്രചാരണങ്ങളും അധിക്ഷേപങ്ങളും അഴിച്ചുവിട്ട കേസിൽ രണ്ട് പേരെ സൈബർ സെൽ അറസ്റ്റ് ചെയ്തു. ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യം നൽകി. 

മനോരമാന്യൂസിലെ അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നൽകിയ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതി നൽകി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം. 

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതിന്‍റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ എഡിറ്റർ ആർ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവർത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ സൈബറാക്രമണം അഴിച്ചുവിട്ടത്. കുടുംബാംഗങ്ങള്‍ക്കെതിരെ വരെ സൈബറിടത്തിൽ ആക്രമണമുണ്ടായി. 

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ആരോഗ്യകരമായ സംവാദമാകണം നടക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നുമായിരുന്നു വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണച്ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിന് കൈമാറുകയും ചെയ്തു. 

നിഷാപുരുഷോത്തമനെതിരെ വ്യക്തിപരമായതും സ്ത്രീവിരുദ്ധമായതുമായ അധിക്ഷേപം നടത്തിയ ദേശാഭിമാനി ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് എഡിറ്റർ പി രാജീവ് പറഞ്ഞത്. വിശദീകരണം കിട്ടിയോ, അത് പരിശോധിച്ച് തൃപ്തികരമായിരുന്നോ, വേറെ നടപടിയെടുത്തോ എന്ന പ്രതികരണമൊന്നും സിപിഎം മുഖപത്രം പിന്നീട് നൽകിയതുമില്ല. 

click me!