
കണ്ണൂര്‍: കടബാധ്യതയെ തുടർന്ന് ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന്‍റെ ഞെട്ടലിലാണ് കണ്ണൂരിലെ കൊളക്കാടെ നാട്ടുകാര്‍. കണിച്ചാർ കൊളക്കാട് ആൽബർട്ടാണ് ജീവനൊടുക്കിയത്. ഏറെക്കാലം ക്ഷീര സഹകരണ സംഘം പ്രസിഡന്‍റായിരുന്ന ആൽബർട്ടിന് സഹകരണ ബാങ്കുകളിൽ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. കൊളക്കാട് സജീവ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ അറുപത്തിയെട്ടുകാരൻ ആൽബർട്ടിന്‍റെ ആത്മഹത്യ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും വിശ്വസിക്കാനായിട്ടില്ല. പൊതുയിടത്തില്‍ സജീവമായ എല്ലാവര്‍ക്കും സഹായമെത്തിക്കുന്ന ആല്‍ബര്‍ട്ട് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു.
കാൽനൂറ്റാണ്ട് കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്‍റായിരുന്നു. രാവിലെ ഭാര്യ വത്സ പളളിയിൽ പോയ സമയത്താണ് വീടിനുളളിൽ ആൽബർട്ട് തൂങ്ങി മരിച്ചത്. മൂന്ന് പെൺമക്കളാണ്. പശു വളർത്തിയും റബ്ബറ് വെട്ടിയും ഉപജീവനം നടത്തിയിരുന്ന ആൽബർട്ട് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിരുന്നു. ഭാര്യയുടെ സ്വയം സഹായ സംഘം വഴി കേരള ബാങ്കിന്‍റെ പേരാവൂർ ശാഖയിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ഈ മാസം പതിനെട്ടിന് നോട്ടീസ് വന്നത്.
സംഘത്തിലെ അഞ്ച് പേർ ചേർന്നെടുത്ത വായ്പയിൽ കുടിശ്ശികയുൾപ്പെടെ രണ്ട് ലക്ഷം തിരിച്ചടയ്കാനായിരുന്നു മേൽനടപടി നോട്ടീസ്. തുക സംഘടിപ്പിക്കാൻ ആൽബർട്ട് ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്കിൽ നിന്ന് നോട്ടീസ് വന്നതോടെ സഹായം തേടി സണ്ണി ജോസഫ് എംഎൽഎയെയും ആൽബർട്ട് വിളിച്ചിരുന്നു.ശാരീരിക അവശതകളെ തുടർന്ന് ഒരു മാസം മുമ്പ് പശുക്കളെ വിറ്റ ആൽബർട്ട് ക്ഷീര സംഘം പ്രസിഡന്‍റ് പദവിയും ഒഴിഞ്ഞിരുന്നു. നാളെയായിരുന്നു തുക അടക്കാനുള്ള അവസാന തീയതി. എന്നാല്‍, ഈ അവസാന തീയതിക്ക് കാത്തുനില്‍ക്കാതെ ജീവിതമവസാനിപ്പിക്കുകയായിരുന്നു ആല്‍ബെര്‍ട്ട്.
'സഹകരണ ബാങ്കില്‍ കടബാധ്യത'; കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam