ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു

Published : Mar 13, 2025, 12:29 PM ISTUpdated : Mar 13, 2025, 02:01 PM IST
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച്  അന്തരിച്ചു

Synopsis

ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, കേരള ചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് മറ്റ് കൃതികൾ. 

കോട്ടയം: കേരളീയ പൊതുസമൂഹത്തില്‍ ദലിത്, കീഴാള വിഭാഗങ്ങളുടെ ഉന്നമനത്തിനും ബൗദ്ധിക ശാക്തീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച് പോരാടിയ ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കെ.കെ കൊച്ച് (76) അന്തരിച്ചു. കേരളത്തിലെ ദലിത് പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയമായ ഉള്‍ക്കാഴ്ച നല്‍കുകയും തെരുവിലും ആള്‍ക്കൂട്ടങ്ങളിലും ബൗദ്ധിക-സൈദ്ധാന്തിക-സാംസ്‌കാരിക മേഖലകളിലും സോഷ്യല്‍ മീഡിയയിലുമടക്കം പലതരം സമരമുഖങ്ങള്‍ തുറക്കുകയും നിരന്തര ഇടപെടലുകള്‍ നടത്തുകയും ചെയ്ത കെകെ കൊച്ച് ഏറെ നാളായി കാന്‍സര്‍ രോഗത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. പാലിയേറ്റീവ് ചികിത്സക്കിടയിലാണ് വിടപറഞ്ഞത്.

കെ.കെ കൊച്ചിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടുത്തുരുത്തിയിലെ വീട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. നാളെ 11 മണി മുതൽ കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 2 മണിക്ക് കടുത്തുരുത്തിയിലെ വീട്ടിൽ സംസ്‍കാരം നടക്കും. 

2021-ല്‍ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി.കേരളീയ പൊതുമണ്ഡലത്തില്‍ ദലിത് സ്വത്വബോധത്തിന്റെ ശാക്തീകരണത്തിനായി നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ ചരിത്രമായ 'ദലിതന്‍' എന്ന ആത്മകഥ ഏറെ ശ്രദ്ധേയമാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, കേരള ചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്‌കാരവും, മൂലധനത്തിന്റെ ജനാധിപത്യവല്‍ക്കരണവും കെ റെയിലും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 

എഴുത്തുകാരനായും ചിന്തകനായും മികച്ച പ്രാസംഗികനായും വലിയ സാമൂഹിക ഇടപെടലുകള്‍ നടത്തിയിരുന്നു.കെഎസ്ആര്‍ടിസിയിലെ സീനിയര്‍ അസിസ്റ്റന്റ് ആയാണ് കെകെ കൊച്ച് വിരമിച്ചത്. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്ന കെകെ കൊച്ച് സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.

 

 

1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം. മുഖ്യധാരാ ഇടതുപക്ഷരാഷ്ട്രീയത്തില്‍നിന്നുമാണ് ദലിത്-കീഴാള രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് അദ്ദേഹം എത്തിപ്പെടുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ മുഖ്യധാരയില്‍ സജീവമായിരിക്കെയാണ് ദലിത് പൊതുവ്യക്തിത്വം എന്ന ഇടത്തിലേക്ക് നിരന്തര ഇടപെടലുകളിലൂടെ അദ്ദേഹം വഴിമാറുന്നത്. സാഹിത്യം, ചരിത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭാഷാശാസ്ത്രം എന്നിങ്ങനെയുള്ള വ്യത്യസ്ത ജ്ഞാനമേഖലകളെയും സ്ത്രീ, ന്യൂനപക്ഷങ്ങള്‍, ഭരണഘടന, സിനിമ, കല തുടങ്ങിയ പൊതുവിഷയങ്ങളെയും ദലിത് വീക്ഷണകോണിലൂടെ സമീപിക്കുകയും വേറിട്ട നിലപാട് മുന്നോട്ടുവെക്കുകയും ചെയ്തു. 

എഴുത്തിലും പ്രഭാഷണങ്ങളിലും മാത്രം ഒതുങ്ങിയതായിരുന്നില്ല അദ്ദേഹത്തിന്റെ ഇടപടലുകള്‍. ജനകീയ സമരങ്ങളിലും ദലിത് സാമൂഹ്യ പ്രശ്‌നങ്ങളിലും പ്രക്ഷോഭങ്ങളിലും മുന്‍നിരയില്‍തന്നെ അദ്ദേഹം നിലയുറപ്പിച്ചു. മികച്ച സംഘാടകനായിരുന്നു. കേരളത്തിലുടനീളമുള്ള വ്യത്യസ്ത ദലിത് ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും പൊതുസമരമുഖങ്ങള്‍ തുറക്കുന്നതിലും അദ്ദേഹം പ്രധാനപങ്കുവഹിച്ചു. അതോടാപ്പം, ദലിത് ചിന്തകളിലെ ബഹുസ്വരതകളെ അഭിമുഖീകരിക്കുകയും ദലിത് രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് സൈദ്ധാന്തിക വ്യക്തതത വരുത്തുന്നതിലും  വലിയ പങ്കുവഹിച്ചു. പല തലമുറകളുമായി അടുത്തു പ്രവര്‍ത്തിക്കുകയും പല കാലങ്ങളില്‍ നടന്ന ദലിത് പോരാട്ടങ്ങളുടെ ചാലകശക്തിയാവുകയും ചെയ്തു. പൊതുസാമൂഹിക വിഷയങ്ങളെ ദലിത് കാഴ്ചപ്പാടോടെ സമീപിച്ചിരുന്ന അദ്ദേഹം ദലിത് ജീവിതങ്ങളെ സാമാന്യവല്‍ക്കരിച്ചുകാണുന്ന കാഴ്ചപ്പാടുകളോട് നിരന്തരം കലഹിക്കുകയും ചെയ്തു. മുഖ്യധാരയോടും സവര്‍ണ്ണമൂല്യങ്ങളോടും മാത്രമായിരുന്നില്ല ഈ കലഹം. ദലിത് പ്രസ്ഥാനത്തിനകത്തുള്ള വിവിധ ധാരകളുമായും സ്വന്തമായി രൂപം നല്‍കിയ കൂട്ടായ്മകളോടും പോലും അദ്ദേഹം നിലപാടുകളുടെ പേരില്‍ കലഹിക്കുകയും കൂട്ടായ്കളില്‍നിന്നും പുറത്താവുകയോ പുറത്തുകടക്കുകയോ ചെയ്തിട്ടുമുണ്ട്. 

 

Read More : സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാല; സർക്കാർ കണ്ണ് തുറക്കണമെന്നാണ് പ്രാർത്ഥനയെന്ന് ആശ വർക്കർമാർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; സ്വാ​ഗതം ചെയ്ത് സിപിഎം
സംഭവം പുലർച്ചെ രണ്ട് മണിയോടെ; സിപിഎം നേതാവിൻ്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ചു