സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാല; സർക്കാർ കണ്ണ് തുറക്കണമെന്നാണ് പ്രാർത്ഥനയെന്ന് ആശ വർക്കർമാർ
മ്പതോളം വരുന്ന ആശാ വര്‍ക്കര്‍മാരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് ഭക്തജനലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ഇന്ന് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാർ പറയുന്നു.
കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിൻ്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. ആശാമാരുടെ ഇൻസെൻറീവ് കൂട്ടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെപി നദ്ദ കൂട്ടുന്നത് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കേരളം ധനവിനിയോഗ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് കേന്ദ്രമന്ത്രിയും കൊടുത്തിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും ആവർത്തിച്ചിരുന്നു. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടത്തി സമരം കടുപ്പിക്കാനാണ് ആശാമാരുടെ നീക്കം.
അതേസമയം, ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ആശമാർ താഴേതട്ടിൽ നടത്തുന്നത് നിർണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ നൽകിയത്. നിലവിൽ 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെൻ്റി കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
