വയനാട് ചുരത്തിലെ സാഹസികയാത്ര; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു

By Web TeamFirst Published Dec 3, 2019, 3:52 PM IST
Highlights

മോട്ടോര്‍ വാഹനവകുപ്പിന്‍റെ എടപ്പാല്‍ ട്രെയ്നിംഗ് സെന്ററില്‍ പോയി മൂന്ന് ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുത്ത ശേഷമാകും സഫീറിന് ഇനി ലൈസന്‍സ് നല്‍കുക. 

വയനാട്: താമരശേരി ചുരത്തിന്‍റെ അഞ്ചാം വളവിലൂടെ  കാല്‍ പുറത്തിട്ട് യുവാക്കള്‍ സാഹസികയാത്ര ചെയ്ത സംഭവത്തില്‍ ഡ്രൈവര്‍ സഫീറിന്‍റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്റു് ചെയ്തു. മോട്ടോര്‍ വാഹനവകുപ്പിന്‍റെ എടപ്പാല്‍ ട്രെയ്നിംഗ് സെന്ററില്‍ പോയി മൂന്ന് ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുത്ത ശേഷമാകും ഇനി ലൈസന്‍സ് നല്‍കുക. തെളിവെടുപ്പിന് ഇന്നും സഫീര്‍ ഹാജരായില്ല.

താമരശേരി ചുരത്തിന്‍റെ അഞ്ചാംവളവില്‍ അപകടമുണ്ടാകുന്ന രീതിയില്‍ കാറോടിച്ച പേരാമ്പ്ര സ്വദേശി സഫീര്‍ ഇന്നും കോഴിക്കോട് ആര്‍ടിഒ മുമ്പാകെ ഹാജരാകാത്തതോടെയാണ് ലൈസന്‍സ് സസ്പെന്റു് ചെയ്തത്. ഇന്നലെ ഹാജരാകണമെന്നാണ് നേരത്തെ നിര്‍ദ്ദേശിച്ചതെങ്കിലും പാലിക്കാത്തതിനാല്‍ ഒരവസരം കൂടി നല്‍കുകയായിരുന്നു.

സഫീറോടിച്ച സാന്‍ട്രോ കാര്‍ ചേവായൂരില്‍ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാറിന് രൂപമാറ്റം വരുത്തിയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടോയെന്നറിയാന്‍ ആര്‍ സി ബുക്കടക്കമുള്ള രേഖകള്‍ ഹാജരാക്കാ‍ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ലഭിക്കുന്ന മുറയ്ക്ക് പരിശോധനകള്‍ നടത്തിയ ശേഷമാകും കസ്റ്റഡിയിലുള്ള കാറ്‍ വിട്ടു നല്‍കുക. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് സഫീറും സംഘവും കാല്‍ പുറത്തിട്ട് ബാക്ക് ഡോറ്‍ തുറന്നുവെച്ച് അപകടമുണ്ടാക്കുന്ന വിധത്തില്‍ താമരശേരി ചുരത്തിന്‍റെ അഞ്ചാം വളവില്‍ വാഹനമോടിച്ചത്.

click me!