
കോഴിക്കോട്: കോഴിക്കോട് നടന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി. ഇസ്ലാമിക അധ്യാപനങ്ങൾക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങൾക്കും വിരുദ്ധമായ രീതിയിലാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലെന്ന് ദാറുൽ ഹുദ വാർത്താ കുറിപ്പിൽ പറഞ്ഞു. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലുമായി ദാറുൽ ഹുദയ്ക്ക് യാതൊരു ബന്ധമില്ലെന്നും പങ്കാളികളായ ഹുദവികള്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദാറുൽ ഹുദ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
നവംബർ 30ന് ആണ് നാല് ദിവസം നീണ്ടു നിൽക്കുന്ന കോഴിക്കോട് ബീച്ചിൽ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. എഴുത്തുകാരൻ സുഭാഷ് ചന്ദ്രന് മുഖ്യപ്രഭാഷണം നിർവഹിച്ചു. പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, ഡോക്യുമെന്ററി പ്രദർശനങ്ങൾ, സംഗീത സദസ്സുകൾ, കലാപ്രകടനങ്ങൾ എന്നിവക്ക് ഫെസ്റ്റിവൽ വേദിയായിരുന്നു. മാപ്പിള, ദലിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ് ചെയ്യുന്ന സമാന്തര സിനിമകളുടെ പ്രദർശനവും തുടർചർച്ചകളും ഫെസ്റ്റിവലിൽ അരങ്ങേറി.
കനിമൊഴി, എന്‍സെങ് ഹോ, നിഷത് സൈദി, ക്രിസ്റ്റഫെ ജാഫ്രിലോ, ടി.ഡി. രാമകൃഷ്ണന്, എസ്. ഹരീഷ്, ഉണ്ണി ആര്, ഫ്രാന്‍സിസ് നൊറോണ, പി.എഫ്. മാത്യൂസ്, സന്തോഷ് ജോര്‍ജ് കുളങ്ങര, മുഹ്സിന് പരാരി, വിധു വിൻസെന്റ്, വിജയരാജമല്ലിക തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. കടലാണ് മലബാർ ഫെസ്റ്റിവെലിന്റെ ഇത്തവണത്തെ പ്രമേയമായിരുന്നത്.
Read More : ഗാർഡനിൽ വെച്ച അലങ്കാര വസ്തു, അത് 'മിസൈൽ ബോംബ്', വീട്ടുടമ ഞെട്ടി, ഓടിയെത്തി ബോംബ് സ്ക്വാഡ്, പിന്നെ നടന്നത്...